
യുഎസില്‍ മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് യുഎസില്‍ കുഞ്ഞ് ജനിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും 'പ്രായമുള്ള' കുഞ്ഞെന്ന റെക്കോര്‍ഡ് തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശുവിന് ലഭിച്ചിരിക്കുകയാണ്. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ മാതാപിതാക്കളായ ലിന്‍ഡ്‌സേയും ടിം പിയേഴ്‌സും ഏഴുവര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭ്രൂണം ലിന്‍ഡ ആര്‍ച്ചഡ് എന്ന സ്ത്രീയാണ് ശീതിക്കരിച്ച് സൂക്ഷിക്കാനായി നല്‍കിയത്. ഇന്ന് അവര്‍ക്ക് 62 വയസുണ്ട്. വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന പിയേഴ്‌സ് ദമ്പതികള്‍ക്ക്, ഗര്‍ഭകാലം കുറച്ച് കഠിനമായിരുന്നെങ്കിലും ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണവര്‍. ആര്‍ച്ചഡിന് ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ്, അന്ന് അവരും ഭര്‍ത്താവും ഐവിഎഫ് ചികിത്സ നടത്താന്‍ തീരുമാനിച്ചത്. 1994, ഈ രീതി വഴി നാലു ഭ്രൂണങ്ങളാണ് വികസിപ്പിച്ചത്. ഇതിലൊരെണ്ണം ആര്‍ച്ചഡിന്റെ ഗര്‍ഭപാത്രത്തിലേക്ക് ട്രാന്‍ഫര്‍ ചെയ്തു, ഇത്തരത്തില്‍ അവര്‍ക്ക് ജനിച്ച മകള്‍ക്ക് ഇന്ന് 30 വയസുണ്ട്. അവര്‍ക്ക് പത്തുവയസുള്ളൊരു മകളുമുണ്ട്. ബാക്കി ഭ്രൂണങ്ങളാണ് ശീതികരിച്ച് സൂക്ഷിച്ചിരുന്നത്.
തന്റെ മകന് മുപ്പത് വയസുള്ള ഒരു സഹോദരി ഉണ്ടല്ലോയെന്നാണ് കുഞ്ഞിന്റെ മാതാവ് ലിന്‍ഡ്‌സേ പറയുന്നത്. അതേസമയം തനിക്കൊരു കുഞ്ഞു കൂടി വേണമെന്നായിരുന്നു ആര്‍ച്ചഡിന്റെ ആഗ്രഹം, പക്ഷേ അന്ന് ഭര്‍ത്താവ് സമ്മതിച്ചില്ല, പിന്നീട് അയാളുമായി വിവാഹമോചനവും സംഭവിച്ചു. എന്നാല്‍ ഭ്രൂണത്തിന്റെ കസ്റ്റഡി ആര്‍ച്ചഡിനാണ് ലഭിച്ചത്.
Content Highlights: Worlds oldest baby born from 30 year old frozen embryo in United states of America