
ലംബോര്‍ഗിനി യൂറസ് എസ്ഇയില്‍ മുംബൈയില്‍ കറങ്ങിനടന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുടെ കാര്‍ ശേഖരത്തിലേയ്ക്ക് അടുത്ത അതിഥിയും.ടെസ്‌ലയുടെ മോഡല്‍ വൈ സ്റ്റാൻഡേർഡ് വേർഷൻ കാറാണ് രോഹിത്ത് സ്വന്തമാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രോഹിത്ത് പുതിയ ടെസ്‌ല കാര്‍ ഓടിക്കുന്ന വീഡിയോ മസ്‌കും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണ് ടെസ്‌ലയ്ക്ക് പരസ്യങ്ങളുടെ ആവശ്യമില്ലാത്തത്. ഇന്‍സ്റ്റഗ്രാമില്‍ 45 മില്യണ്‍ ഫോളോവേഴ്‌സുള്ള അദ്ദേഹം ഇപ്പോള്‍ പുതിയ ടെസ്‌ല മോഡല്‍ വൈ കാര്‍ വാങ്ങിയിരിക്കുകയാണ് എന്ന ക്യാപ്ഷനോടെ Teslaconomics പങ്കുവെച്ച രോഹിത് ടെസ്‌ല ഓടിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങളുള്ള എക്സ് പോസ്റ്റാണ് മസ്ക് റീപോസ്റ്റ് ചെയ്തത്.
മോഡല്‍ വൈയുടെയും മോഡല്‍ 3യുടെയും പുത്തന്‍ വേര്‍ഷനായ മോഡല്‍ വൈ സ്റ്റാന്‍ഡേര്‍ഡ്, മോഡല്‍ 3 സ്റ്റാന്‍ഡേര്‍ഡ് എന്നിവയാണ് ടെസ്‌ല ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒറ്റയടിക്ക് ടെസ്‌ല കാറുകളുടെ വില്‍പനയ്ക്ക് നേരിട്ട തിരിച്ചടിയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യത്തോടെയാണ് പുത്തന്‍ വേരിയെന്റുകള്‍ കമ്പനി പുറത്തിറക്കിയത്. ലോങ് റേഞ്ച് വേരിയെന്റുകള്‍ ഇപ്പോള്‍ പ്രീമിയം ലേബലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുത്തന്‍ വേരിയന്റ് നിലവില്‍ യുഎസ് വിപണിയില്‍ മാത്രമാണ് ലഭിക്കുക.
മറ്റ് വേരിയെന്റുകളില്‍ കാണുന്നത് പോലെ ലൈറ്റ് ബാറുകള്‍ ടെസ്‌ല മോഡല്‍ വൈ സ്റ്റാന്‍ഡേര്‍ഡിലില്ല. 18 ഇഞ്ച് വീലാണ് ഇതിനുള്ളത്. മാത്രമല്ല ഹൈയര്‍ മോഡല്‍ വൈ വേരിയൻ്റുകൾ പനോരമിക് സണ്‍റൂഫും ഒഴിവാക്കിയിട്ടുണ്ട്. വെള്ള, കറുപ്പ്, ഗ്രേ കളറുകളില്‍ മാത്രമേ ഈ മോഡല്‍ പുറത്തിറക്കുന്നുമുള്ളു. മറ്റ് വേരിയെന്റുകളില്‍ 15 -സ്പീക്കര്‍ യൂണിറ്റാണെങ്കില്‍ ഇതില്‍ 7 സ്പീക്കര്‍ സെറ്റപ്പാണ് ഉള്ളത്. സെക്കന്റ് റോ സ്‌ക്രീന്‍, റീയര്‍ സീറ്റ് ഹീറ്റിങ് ഫങ്ഷന്‍ എന്നിവയൊന്നും ഇതിലില്ല. സ്റ്റാന്‍ഡേഡ് കളര്‍ ഗ്രേയാണ് പ്രീമിയം പേ ചെയ്താല്‍ ബ്ലാക്ക് കളര്‍ ഓപ്ഷനും നല്‍കുന്നുണ്ട്.
Content Highlights: Rohit Sharma bought new Tesla Model Y