
ഏറ്റവും വലിയ ആഡംബര വാഹന നിര്‍മാതാക്കാളരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ പലര്‍ക്കും ഇന്നും ഒരു ഉത്തരമേയുള്ളൂ, മെഴ്‌സിഡസ് ബെന്‍സ്. ഇക്കഴിഞ്ഞ നവരാത്രി ഉത്സവകാലത്ത് റെക്കോഡ് വില്‍പനയ്ക്കാണ് ഈ ആഡംബര വാഹന നിര്‍മാതാക്കള്‍ സാക്ഷ്യം വഹിച്ചത്. ഒരോ ആറുമിനിറ്റിലും ശരാശരി ഒരു കോടി രൂപ വിലവരുന്ന ഒരു കാര്‍ വീതം എന്ന രീതിയിലായിരുന്നു വില്‍പന.
മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജൂലൈ-സെപ്റ്റംബര്‍ കാലയളവ് വലിയ തോതില്‍ വാഹന വില്‍പന നടക്കുന്ന സമയമാണ്. ഇത്തവണയും പതിവുതെറ്റിച്ചില്ല ഈ കാലയളവില്‍ 5119 യൂണിറ്റാണ് വിറ്റുപോയത്. അതില്‍ തന്നെ സെപ്റ്റംബര്‍ 22 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായിരുന്നു വാഹന നിര്‍മാതാക്കളെ പോലും ഞെട്ടിച്ചുകൊണ്ടുള്ള വില്‍പന അരങ്ങേറിയത്. അതിന് കാരണവുമുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍ വന്നത് സെപ്റ്റംബര്‍ 22നായിരുന്നു, ഒപ്പ് നവരാത്രിക്കാലവും. ഇതോടെ വില്പന തകൃതിയായി. ദിവസം 270 കാറുകളാണ് കമ്പനി വിറ്റതത്രേ. അതായത് ഒരു മണിക്കൂറില്‍ 10 മുതല്‍ 12 കാറുകള്‍ വരെ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5117 യൂണിറ്റ് കാറുകളാണ് വിറ്റത്.
3.1 കോടി രൂപ വിലയുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ ജി580 എഡിഷന്‍ വണ്‍, ഇതിനകം വിറ്റുകഴിഞ്ഞു. അടുത്ത ബാച്ചിന് വേണ്ടിയുളള ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. 2025 തുടങ്ങി ആദ്യ ആറുമാസത്തിനുള്ളില്‍ 9357 യൂണിറ്റുകളാണ് മെഴ്‌സിഡസ് ബെന്‍സ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ 4 ശതമാനത്തിന്റെ വര്‍ധന.
അടുത്തത് ദീപാവലിയാണ്. ദീപാവലിയോട് അനുബന്ധിച്ചും വന്‍തോതില്‍ ഉപഭോക്താക്കള്‍ ബെന്‍സ് സ്വന്തമാക്കാനെത്തുമാണ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. ഇതിനകം 2000 യൂണിറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളതായും കമ്പനി അധികൃതര്‍ അറിയിച്ചു.
2024ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവാണ് വില്‍പനയില്‍ ഉണ്ടായത്. 19,565 യൂണിറ്റുകള്‍ വിറ്റിരുന്നു. ഇത്തവണ അതിനേക്കാള്‍ വില്‍പന ഉയരുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മാതാക്കള്‍.
Content Highlights: Mercedes-Benz India Achieves Record-Breaking Navratri Sales: 1 Car Sold Every 6 Minutes