'ഇവനാണ് നുമ്മ പറഞ്ഞ നടൻ'; കരിക്കിന്റെ 'കലക്കാച്ചി'യിൽ ജോർജ് കലക്കിയെന്ന് സോഷ്യൽ മീഡിയ
അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്.
2 Jan 2022 10:24 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിലെ യൂട്യൂബ് വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്. ഒരിടവേളക്കുശേഷം 'കലക്കാച്ചി' എന്ന കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിൽ കലക്കാച്ചിയുടെ ആദ്യഭാഗവും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി.
പതിവ് പോലെ കലക്കാച്ചിയുടെ റിലീസിന് പിന്നാലെയും കരിക്കിലെ താരങ്ങളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനു കെ.അനിയന്റെ പ്രകടനത്തെയാണ് സോഷ്യൽ മീഡിയ ഒരേസ്വരത്തിൽ അഭിനന്ദിക്കുന്നത്. നടൻ തകർപ്പൻ പെർഫോമൻസ് തന്നെ കാഴ്ചവെച്ചു എന്ന് പലരും അഭിപ്രായപ്പെടുന്നു.
റിട്ടയേർഡ് ആകാറായി നിൽക്കുന്ന ഒരു പൊലീസുകാരനായാണ് അനു കെ അനിയൻ കലക്കാച്ചിയിൽ എത്തിയത്. സിനിമ പാരഡൈസോ ക്ലബ്, സിനിഫൈൽ തുടങ്ങിയ സിനിമ അധിഷ്ഠിത ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിരവധിപ്പേർ നടന്റെ പ്രകടനത്തെ കുറിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. നടൻ അജു വർഗീസ്, സംവിധായകരായ അജയ് വാസുദേവ്, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവരും അനുവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി വിൻസി അലോഷ്യസും കലക്കാച്ചിയിൽ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- TAGS:
- karikku
- Social Media