ഷാബാനു കേസിൽ സോണിയ രാജീവിനെ ചോദ്യം ചെയ്തു; നീതിപൂർവം കൈകാര്യം ചെയ്യാനാണ് ശ്രമിച്ചതെന്ന് മറുപടി ലഭിച്ചു

'ഞാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കില്ലെന്നാണോ കരുതുന്നത്? എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലേ?' അൽപ്പം നീരസത്തോടെയായിരുന്നു അദ്ദേഹം ഇത് ചോദിച്ചത്'

ഷാബാനു കേസിൽ  സോണിയ രാജീവിനെ ചോദ്യം ചെയ്തു; നീതിപൂർവം കൈകാര്യം ചെയ്യാനാണ് ശ്രമിച്ചതെന്ന് മറുപടി ലഭിച്ചു
dot image

ന്യൂഡൽഹി: ഷാബാനു കേസിൽ ഭർത്താവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയോട് ചോദ്യങ്ങളുന്നയിച്ചിരുന്നതായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിലാണ് ഈ സംഭാഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.

മുസ്‌ലിം സ്ത്രീകളുടെ താൽപര്യങ്ങൾ ബലികഴിക്കുന്നുവെന്ന് പത്രങ്ങൾ രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കുന്നതെന്നും താൻ അദ്ദേഹത്തോട് ചോദിച്ചിരുന്നതായാണ് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ. സങ്കീർണമായ ഒരു സാഹചര്യം നീതിപൂർവം കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നായിരുന്നു രാജീവ് ഗാന്ധിയുടെ മറുപടിയെന്നും സോണിയ അനുസ്മരിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ തയ്യാറാകില്ലെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്.

വളരെ ദരിദ്രയായ ഷബാനു എന്ന സ്ത്രീ മറ്റൊരു വിവാഹം കഴിക്കുകയും തന്നെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്ത ഭർത്താവിൽനിന്ന് തനിക്കും മക്കൾക്കും ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ഷബാനുവിന് അനുകൂലമായി വിധിക്കുകയും ചെറിയൊരു തുക ജീവനാംശമായി നൽകാൻ ഭർത്താവിനോട് നിർദേശിക്കുകയും ചെയ്തു. ലളിതമായ ഒരു പരിഹാരമെന്നു തോന്നിയെങ്കിലും മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ ഭർത്താവ് വിധിയെ ചോദ്യം ചെയ്തു എന്നാണ് കേസിനെക്കുറിച്ച് സോണിയ ഗാന്ധി ഓർത്തെടുക്കുന്നത്.

'പത്രങ്ങളിലും മാസികകളിലും ഇതുസംബന്ധിച്ച് വന്ന ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്ക് വലിയ ആശങ്കയുണ്ടായി. മുസ്‌ലിം സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ വനിതാ പ്രവർത്തകർ ഷാ ബാനോയ്ക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഞാൻ അദ്ദേഹവുമായി ഇതേക്കുറിച്ച് തർക്കിക്കുകയും ചോദിക്കുകയും ചെയ്തു: 'മുസ്‌ലിം സ്ത്രീകളുടെ താൽപര്യങ്ങൾ ബലികഴിക്കുന്നുവെന്നാണ് പത്രങ്ങൾ നിങ്ങളെക്കുറിച്ച് പറയുന്നത്. എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇതിന് നിങ്ങൾ അനുവദിക്കുന്നത്? സങ്കീർണമായ ഒരു സാഹചര്യം നീതിപൂർവം കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കില്ലെന്നാണോ കരുതുന്നത്? എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലേ?' അൽപ്പം നീരസത്തോടെയായിരുന്നു അദ്ദേഹം ഇത് ചോദിച്ചത്. ഷാ ബാനോയെപ്പോലുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാന ഘടന തകരാതിരിക്കാനുള്ള മാർഗമാണ് താൻ തേടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു' എന്നാണ് സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നത്.

New Delhi: Copies of Congress leader Sonia Gandhi's newly released memoir, 'Belonging: A Journey of Love', displayed at a bookstore in Khan Market, New Delhi

എന്നാൽ രാജീവ് ​ഗാന്ധി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ സോണിയ ​ഗാന്ധി പുസ്തകത്തിൽ ന്യായീകരിക്കുന്നുണ്ട്. രാജീവ് ഗാന്ധി അംഗീകരിച്ച ഒത്തുതീർപ്പ് മതവിശ്വാസങ്ങളും ലിംഗനീതിയും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായിരുന്നുവെന്നാണ് സോണിയ ഗാന്ധിയുടെ വാദം. കോടതി ഷാ ബാനോയ്ക്ക് അനുവദിച്ചിരുന്ന പ്രതിമാസം 179.2 രൂപയെന്ന തുച്ഛമായ തുകയേക്കാൾ നീതിയുക്തവും ന്യായവുമായ ആനുകൂല്യം മുസ്‌ലിം സ്ത്രീകൾക്ക് ഈ നിയമത്തിലൂടെ ലഭിച്ചുവെന്നും സോണിയ വാദിക്കുന്നുണ്ട്. എന്നാൽ, കോടതിവിധി മറികടക്കുന്നതിനായി നിയമത്തിൽ ഭേദഗതി വരുത്തിയത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും വ്യാപകമായ വിമർശനങ്ങൾക്ക് അത് വഴിവെച്ചുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഏഴ് സർക്കാരുകൾ മാറിയതിനുശേഷം 2001-ൽ സുപ്രീം കോടതി 1986-ലെ 'മുസ്‌ലിം വനിതകൾ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമത്തിലെ' രാജീവ് ഗാന്ധിയുടെ നിലപാടിനെ ശരിവെച്ചുവെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നുണ്ട്.

മതവ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കണമെന്ന തത്വവും മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും തമ്മിലായിരുന്നു ഷബാനു കേസിൽ ഏറ്റുമുട്ടൽ എന്നും സോണിയ ​ഗാന്ധി നിരീക്ഷിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വർഷങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായി അവരുടെ വ്യക്തിനിയമങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ രണ്ട് ഭരണഘടനാ തത്വങ്ങളും തമ്മിലുള്ള സംഘർഷമാണ് കേസിനെ സങ്കീർണമാക്കിയതെന്നും സോണിയ ​ഗാന്ധി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച ആദ്യത്തെ പ്രധാന സംഭവമാണ് ഷബാനു കേസെന്നും സോണിയ ​ഗാന്ധി പറയുന്നുണ്ട്.

Content Highlights: Sonia Rajiv was questioned in connection with the Shabanu case. In response, she reportedly stated that efforts had been made to handle the matter fairly and ensure justice

dot image
To advertise here,contact us
dot image