റോഡ് വികസനം; മസ്ജിദിന്റെ ഒരുഭാഗം പൊളിക്കാൻ മുസ്ലിങ്ങൾ സമ്മതിച്ചതായി ഷാഹി മസ്ജിദ് കമ്മിറ്റി, സംഘർഷാവസ്ഥ നീങ്ങി

നേരത്തെ പള്ളി പൊളിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു കൂട്ടം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കല്ലേറും പൊലീസ് ലാത്തിച്ചാര്‍ജും റിപ്പോര്‍ട്ട് ചെയ്തിരുന്നു

റോഡ് വികസനം; മസ്ജിദിന്റെ ഒരുഭാഗം പൊളിക്കാൻ മുസ്ലിങ്ങൾ സമ്മതിച്ചതായി ഷാഹി മസ്ജിദ് കമ്മിറ്റി, സംഘർഷാവസ്ഥ നീങ്ങി
dot image

ഭോപ്പാല്‍: റോഡ് വികസനത്തിനായി മധ്യപ്രദേശിലെ ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാന്‍ സമ്മതം അറിയിച്ച് മുസ്ലിം വിശ്വാസികള്‍. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഇതോടെ അയവ് വന്നു. പള്ളി പൊളിക്കുന്നതില്‍ എതിര്‍പ്പുമായി നേരത്തെ ഒരു കൂട്ടം വിശ്വാസികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് കല്ലേറും പൊലീസ് ലാത്തിച്ചാര്‍ജും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ നിര്‍ദേശിച്ച റോഡ് അലൈന്‍മെന്റിനുള്ളില്‍ വരുന്ന മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യാനാണ് ധാരണയായത്.

2028ലെ സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഉജ്ജയിനിലെ റോഡ് വികസന പദ്ധതി. തിരക്കേറിയ നഗരമേഖലകളില്‍ ഗതാഗതം സുഗമമാക്കുന്നതിനും തീര്‍ഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുമാണ് റോഡ് വീതികൂട്ടുന്നത്. പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദ് ഉള്‍പ്പെടെ 272 കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിക്കുന്നുണ്ട്.

ഇതിന്‍റെ ഭാഗമായി 15 മതസ്ഥാപനങ്ങളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയും 62 മതസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 635 വര്‍ഷം പഴക്കമുള്ളതായി പറയപ്പെടുന്ന ഷാഹി മസ്ജിദിന്റെ ഒരു ഭാഗവും റോഡ് വീതി കൂട്ടല്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കും. ഇതു സംബന്ധിച്ച് ഉജ്ജയിന്‍ സിറ്റി ഖാസി അതീഖുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ ഉജ്ജയിന്‍ മുസ്ലിം പ്രതിനിധി കമ്മിറ്റി ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പകരമായി മറ്റൊരു റോഡ് മാര്‍ഗവും കമ്മിറ്റി നിര്‍ദേശിച്ചു. ഭരണകൂടവും കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, റോഡിന്റെ നിര്‍ദിഷ്ട ഭാഗത്തേക്ക് വരുന്ന മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്നതിന് ഷാഹി മസ്ജിദ് കമ്മിറ്റി സ്വമേധയാ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെ മുതല്‍ മസ്ജിദ് വളണ്ടിയര്‍മാര്‍ ഈ ഭാഗം നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില അഭ്യൂഹങ്ങള്‍ മൂലം പ്രദേശത്ത് ഒരു വിഭാഗം ആളുകള്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. മസ്ജിദിന് സമീപം ആളുകള്‍ സംഘടിച്ചതോടെ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി വഷളാവുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുകയായിരുന്നു.

Content Highlights: Tensions in Ujjain have eased after the Shahi Mosque Committee agreed to voluntarily remove a portion of the mosque for road widening ahead of Simhastha Kumbh Mela 2028. The decision follows protests, stone-pelting and police action in the area

dot image
To advertise here,contact us
dot image