

മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു വര്‍ഷം സമയം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അടിസ്ഥാനപരമായ മറാത്തി അറിഞ്ഞിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ കാലയളവില്‍ ഡ്രൈവര്‍മാര്‍ക്ക് എതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറാത്തി ടെസ്റ്റ് പരാജയപ്പെട്ട, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ അറിയാത്ത ഡ്രൈവര്‍മാര്‍ക്ക് ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രൈവര്‍മാര്‍ മറാത്തി അറിഞ്ഞിരിക്കണമെന്ന നിയമത്തെ തങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി ഡ്രൈവര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പല പ്രായത്തിലുള്ള ഡ്രൈവര്‍മാര്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം അവസാനിപ്പിച്ചവര്‍ തുടങ്ങിയ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ക്ക് ചെറിയ കാലയളവിനുള്ളില്‍ മറാത്തി പഠിക്കാന്‍ കഴിയില്ലെന്ന് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തെ സമയം ഡ്രൈവര്‍മാരുടെ സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറാത്തി പഠിക്കാനായി ഡ്രൈവര്‍മാര്‍ക്കായി പഠന സാമഗ്രികളും ക്ലാസുകളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവര്‍മാര്‍ തന്നെ തങ്ങളുടെ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നതിനാല്‍ അവര്‍ക്ക് ആവശ്യമായ സമയം നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മറാത്തികള്‍ അല്ലാത്ത ഡ്രൈവര്‍മാര്‍ അടിസ്ഥാനപരമായ മറാത്തി അറിഞ്ഞിരിക്കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനായി മറാത്തി ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15നാണ് പഠനം പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് ഗതാഗത വകുപ്പ് 1,262 ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഗതാഗത മന്ത്രി നടത്തിയ ആദ്യഘട്ട പരിശോധനയ്ക്ക് പിന്നാലെ ആയിരുന്നു നടപടി.
Content Highlights: Maharashtra Chief Minister Devendra Fadnavis announced a one-year grace period for commercial passenger vehicle drivers to learn conversational Marathi for their daily operations.