

കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 64കാരി. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലുള്ള കോന്നഗാര്‍ സ്വദേശിയായ തപതി സിംഗയ്ക്കാണ് കൈലാസ യാത്രയ്ക്കുള്ള വിസ അവസാന നിമിഷം നിഷേധിക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു സംഘത്തിനൊപ്പമാണ് ബ്യൂട്ടീഷ്യനായ തപതി കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിനായി തയ്യാറെടുത്തത്. ഇവർ യാത്ര ചെയ്യാനിരുന്ന തീർത്ഥാടന സംഘത്തെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ല.
യാത്ര പോകാന്‍ സാധിക്കാത്ത ദുഃഖത്തില്‍ കഴിയുമ്പോഴാണ് നേപ്പാളില്‍ നിന്നുള്ള ദുരന്ത വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞവര്‍ഷം ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെയാണ് കൈലാസം സന്ദര്‍ശിക്കണമെന്ന ആഗ്രഹം തപതിക്കുണ്ടായത്. യാത്രയ്ക്ക് നാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് തപതിയ്ക്ക് വിസ നിഷേധിക്കപ്പെട്ടത്. തനിക്കൊപ്പം യാത്രയ്ക്കായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ആളുകളെ കാണാനില്ലെന്ന വാർത്തയുടെ ഞെട്ടലിലാണ് തപതിയിപ്പോൾ.
കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെയാണ് തപതിയ്ക്ക് വിസ നിഷേധിച്ചത്. 13 ദിവസത്തെ യാത്രയ്ക്കായി ഇക്കഴിഞ്ഞ മെയ് മുതല്‍ മറ്റ് യാത്രികര്‍ക്കൊപ്പം എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തിയിരുന്നു. ചലോ ജയ് ട്രാവല്‍ ക്ലബ് വഴിയാണ് തീർത്ഥാടന സംഘത്തെ തപതി പരിചയപ്പെടുന്നത്. യാത്രയ്ക്ക് ആവശ്യമായ ഷോപ്പിങും ട്രക്കിങ് പരിശീലനവും ഉള്‍പ്പെടെ തപതി നടത്തിയിരുന്നു. തീര്‍ത്ഥാടന സംഘം നേപ്പാളില്‍ എത്തിച്ചേര്‍ന്ന ശേഷം തപതിയുടെ വിസ നിഷേധിക്കപ്പെട്ടതിന്റെ കാരണം അറിയിക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും അവര്‍ പറയുന്നു. കൈലാസ യാത്ര നടക്കില്ലെന്ന് ഉറപ്പായതോടെ തപതി ലഡാക്കിലേക്കൊരു യാത്ര നടത്തുകയും ചെയ്തു.
തപതി യാത്ര ചെയ്യേണ്ടിയിരുന്ന 33 അംഗ സംഘവുമായി ട്രാവല്‍ ഏജന്‍സി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ സുരക്ഷിതരാണോ എന്ന ആശങ്കയിലാണ് തപതിയിപ്പോള്‍.
Content Highlights: A 64-year-old woman narrowly escaped the devastating floods in Nepal after her planned Kailash Yatra was disrupted due to the denial of a Chinese visa. The unexpected change in her travel plans ultimately kept her away from the flood-hit region, allowing her to escape the tragedy by a narrow margin