

ന്യൂഡല്‍ഹി: വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. സെപ്റ്റംബര്‍ ആഞ്ചിന് ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യവ്യാപകമായി പ്രതിഷേധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം. സര്‍ക്കാര്‍ വാക്കുകള്‍ പാലിച്ചില്ലെന്ന് സിജെപി പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളിലുള്ള വാഗ്ദാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങളിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഉച്ചക്ക് ചേര്‍ന്ന സംഘടനയുടെ നിര്‍ണായക ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപക ഒഴിവുകള്‍, ഫണ്ടിംഗ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തേടിക്കൊണ്ട്, സിജെപി സ്ഥാപകനായ അഭിജീത് ദീപ്‌കെ തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. കുടിവെള്ളം, ഉപയോഗയോഗ്യമായ ക്ലാസ് മുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് കത്തില്‍ ചോദ്യമുന്നയിച്ച ദിപ്‌കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ സാഹചര്യങ്ങളെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ രാജ്യത്തെ യുവതലമുറയെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്ന്് സിജെപി സഹ-കണ്‍വീനര്‍ സൗരവ് ദാസും ലീഗല്‍ അഫയേഴ്‌സ് വിഭാഗം മേധാവി രത്‌ന സിംഗും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വരാനിരിക്കുന്ന സമരങ്ങള്‍ക്കായി തയ്യാറായിരിക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളോടും യുവ പൗരന്മാരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും സിജെപി ആഹ്വാനം ചെയ്തു.
Content Highlights: CJP has announced a fresh nationwide protest on September 5, with a march planned in Delhi from India Gate to the Delhi Police headquarters. The organisation said the protest will focus on pending demands related to students and protesters, including action on FIRs and compensation-related commitments.