അമേരിക്കൻ സന്ദർശനം: തെലങ്കാന മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നൽകിയില്ല; യാത്ര റദ്ദാക്കി രേവന്ത് റെഡ്ഡി

നിലവിൽ അമേരിക്കയിലേക്ക് പോകുന്നതിന് പകരം ഓഗസ്റ്റ് 23ന് ലണ്ടനിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങാനാണ് രേവന്ത് റെഡ്ഡി തീരുമാനിച്ചിരിക്കുന്നത്

അമേരിക്കൻ സന്ദർശനം: തെലങ്കാന മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നൽകിയില്ല; യാത്ര റദ്ദാക്കി രേവന്ത് റെഡ്ഡി
dot image

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി അമേരിക്ക സന്ദർശിച്ച ശേഷം ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം അമേരിക്കയിലേയ്ക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാത്രാ അനുമതി നിഷേധിക്കുകകായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. രാഷ്ട്രീയ തലത്തിലുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്നാണ് കേന്ദ്രം അറിയിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയിലെ ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം ഓഗസ്റ്റ് 23ന് ലണ്ടനിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങാനാണ് ഇതിന് പിന്നാലെ രേവന്ത് റെഡ്ഡി തീരുമാനിച്ചിരിക്കുന്നത്. യുകെയിലേക്കും അമേരിക്കയിലേക്കുമുള്ള സന്ദർശനത്തിന് തെലങ്കാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ യുകെ സന്ദർശനത്തിന് മാത്രമാണ് അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധി സംഘം യുകെയിലെത്തിയ ശേഷമാണ് അമേരിക്ക സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച വിവരം കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read:

‘തെലങ്കാന റൈസിങ്’ എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടും വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനും ‘വികസിത് ഭാരത്’ എന്ന രാജ്യത്തിന്റെ വികസന ലക്ഷ്യത്തിന് സംഭാവന നൽകുന്നതിനുമുള്ള സന്ദർശനത്തിന് രാഷ്ട്രീയ കാരണങ്ങളാൽ അനുമതി നിഷേധിച്ചതിൽ ഞെട്ടലുണ്ടായെ'ന്നാണ് വിഷയത്തിൽ രേവന്ത് റെഡ്ഡി പ്രതികരിച്ചത്. മിക്ക നേതാക്കളും തങ്ങളുടെ മക്കളെ വിദേശത്തേക്ക് അയയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിലേക്കും തെലങ്കാനയിലേക്കും ഹൈദരാബാദിലേക്കും എത്തിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ഏക ലക്ഷ്യം. മികച്ച ഐവി ലീഗ് സർവകലാശാലകളിൽ നിന്നും ലോകോത്തര സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നേടണമെന്ന നമ്മുടെ യുവാക്കളുടെ ആഗ്രഹങ്ങൾക്ക് ഇത് വലിയ അവസരമാകുമായിരുന്നു. രാജ്യനിർമാണത്തിന്റെയും യുവാക്കളുടെ ഭാവിയുടെയും കാര്യത്തിൽ രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകൾക്കും അതീതമായി നാം ചിന്തിക്കണമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു' എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിച്ച് ലണ്ടനിൽ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് മടങ്ങാൻ രേവന്ത് റെഡ്ഡി തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരോട് അമേരിക്കൻ സന്ദർശനം തുടരാനും ധാരണാപത്രങ്ങളും പങ്കാളിത്ത കരാറുകളും പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

ലണ്ടൻ സന്ദ‍ർശനത്തിനിടെ ഓക്‌സ്‌ഫോഡ് സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ലണ്ടൻ ബിസിനസ് സ്‌കൂൾ, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങൾ രേവന്ത് റെഡ്ഡി സന്ദർശിക്കുകയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. യുകെയിലെ പ്രമുഖ കായിക സ്ഥാപനങ്ങളുമായും നൈപുണ്യ വികസന മേഖലയിലെ നേതാക്കളുമായും രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തും. തെലങ്കാനയുമായി പങ്കാളിത്തം ഔദ്യോഗികമായി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Content Highlights: Telangana Chief Minister A Revanth Reddy cancels his planned US visit after the Centre reportedly denies permission for the official Telangana Rising delegation.

dot image
To advertise here,contact us
dot image