

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഗുരുഗ്രാമിലെ തൻ്റെ താമസ സ്ഥലത്തുവെച്ചായിരുന്നു യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു യുവാവും യുവതിയും ജോലി ചെയ്തിരുന്നത്. യുവതിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് യുവാവിൻ്റെ താമസ സ്ഥലത്ത് എത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ഇതിനിടെ ഗാർഹി റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രാക്കിൽ നിന്ന് ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് ശരീരം രണ്ടായി വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്ന് യുവാവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി.
സംഭവത്തിന് മൂന്ന് ദിവസം മുൻപായിരുന്നു യുവതി കാമുകനൊപ്പം താമസിക്കുന്നതിന് എത്തിയത്.
ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം അടക്കം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: AI engineer dies by suicide after allegedly stabbing girlfriend to death in Gurugram