

സമസ്തിപൂർ: പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയായിരുന്ന 22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
വിവാഹത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവിനെ ബോധമില്ലാത്ത നിലയിൽ കാണാൻ കഴിയും. വിവാഹമാല പരസ്പരം അണിയിക്കുന്ന ചടങ്ങിൽ മാല പിടിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് നിതീഷ്. ഇതിനിടയിൽ മറ്റൊരാൾ വന്ന് ബലം പ്രയോഗിച്ച് ഇയാളുടെ കൈകളിൽ പിടിച്ച് പെൺകുട്ടിയുടെ കഴുത്തിൽ മാലയിടാൻ ശ്രമിക്കുന്നതും കാണാം.
അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിക്കുന്ന പകടൗവ വിവാഹ് എന്ന രീതിയിലെ പുതിയ സംഭവമാണിത്. ജോഡി പോഖാർ ഗ്രാമവാസിയായ നിതീഷ് ഇക്കാര്യങ്ങൾ വിശദീകരിച്ച് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
ലൈബ്രററിയിലേക്ക് പോകുന്നതിനിടയിൽ ഒരു സംഘം ആളുകൾ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. സംഘം തന്നെ മർദിക്കുകയും ലഹരി നൽകുകയും ചെയ്തു. പിന്നീട് മോർവയിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് ലക്ഷ്മികുമാരിയെന്ന യുവതിയെ വിവാഹം ചെയ്യിപ്പിച്ചു. ചക്രജാ അലി ഗ്രാമത്തിലെ ശങ്കർറായ് എന്നയാളുടെ മകളാണിത്. വിവാഹം കഴിഞ്ഞതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെ ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടെന്നും യുവാവ് ആരോപിച്ചു.
മകനെ കാണാനില്ലെന്ന് കാട്ടി യുവാവിന്‍റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സമസ്തിപൂർ പൊലീസ് വിഷയത്തിൽ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: A 22-year-old student in Bihar was allegedly abducted, drugged, and forced into marriage