

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റ ദിവസത്തിനുളളില്‍ കണ്ടെത്തിയത്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അല്ലാത്തവര്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കുവൈത്തില്‍ ഗാതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയത്. രാജ്യത്തുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയില്‍ ഒറ്റദിവസം മാത്രം 3,206 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതമായ ശബ്ദമുണ്ടാക്കല്‍, ഗ്ലാസുകളില്‍ നിയമവിരുദ്ധമായി കറുത്ത ഫിലിം ഒട്ടിക്കല്‍ തുടങ്ങിയവയായിരുന്നു പരിശോധനയില്‍ കണ്ടെത്തിയ പ്രധാന കുറ്റകൃത്യങ്ങള്‍.
അന്‍പതോളം വാഹനങ്ങളും നിരവധി മോട്ടാല്‍ സൈക്കിളുകളും ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു. വിവിധ ആശുപത്രികള്‍ക്ക് മുന്നിലെ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിന് മാത്രം 322 പേര്‍ക്ക് പിഴ ചുമത്തി. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആംബുലന്‍സുകള്‍ക്കും മറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കും വലിയ തടസ്സം സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി.
ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറ് പേരെ തടങ്കലിലാക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അഹമ്മദിയ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫര്‍വാനിയ, ക്യാപിറ്റല്‍ എന്നീ ഗവര്‍ണറേററുകളും തൊട്ടുപിന്നിലുണ്ട്. അതിനിടെ ജഹ്റ ഗവര്‍ണറേറ്റില്‍ കുറ്റകൃത്യങ്ങളുടെ തോത് താരതമ്യേനെ കുറവാണ്.
റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം നിര്‍ത്തുന്നതും അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഗതാഗത വിഭാഗം പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.
Content Highlights: Kuwait's Traffic Department has launched a nationwide crackdown on traffic violators, recording over 3,200 violations in just 24 hours. The campaign targeted vehicles parked in prohibited zones, obstructing ambulances and emergency personnel, with 47 vehicles and motorcycles impounded.