

ബെംഗളൂരു: കൊഗിലു ലേഔട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടും പുനരധിവാസം ഉറപ്പാക്കാത്തതില്‍ കര്‍ണാടക സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് എ എ റഹീം എം പി. ഉടന്‍ പുനരധിവാസം ഉറപ്പാക്കുമെന്ന് ഈ നാടിനോട് പരസ്യമായി പറഞ്ഞവര്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് എ എ റഹീം കുറ്റപ്പെടുത്തി.
വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാത്തതിന്റെയും ഭക്ഷണമോ മരുന്നോ പോലും നല്‍കാത്തതിന്റെയും കാരണം വ്യക്തമാക്കണമെന്നും മനുഷ്യത്വമില്ലാത്ത കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ക്രൂരത കാണാതെ പോകരുതെന്നും എ എ റഹീം പറഞ്ഞു.
പ്രിയപ്പെട്ടവരേ,
അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്…
നമ്മള്‍ ശബ്ദിച്ചാലേ അവര്‍ക്ക് നീതി കിട്ടൂ.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നാടിന് നല്‍കിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നു. കോണ്‍ഗ്രസ് ഈ നാടിനെയും, നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നു.
ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല!തകര്‍ക്കപ്പെട്ട ആ കല്ലിന്‍ കൂനകള്‍ക്കിടയില്‍, കീറിപ്പറിഞ്ഞ ചെറിയ ടര്‍പ്പോളിന്‍ കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്‍കാന്‍ ഈ നിമിഷം വരെ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.
ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീര്‍ കോളനി സന്ദര്‍ശിച്ചു.
ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകള്‍ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കര്‍ണാടക മുഖ്യമന്ത്രിയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി.
ഉടന്‍ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവര്‍ പരസ്യമായി പറഞ്ഞു.
എന്നിട്ടെന്തായി?
നമ്മളെയും ആ പാവങ്ങളെയും അവര്‍ വീണ്ടും പറ്റിക്കുകയായിരുന്നു!
കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം.
ആ കൊടും തണുപ്പില്‍ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
പ്രഖ്യാപിച്ച ഫ്‌ലാറ്റുകള്‍ ഒരു മാസമായിട്ടും നല്‍കാത്തത് എന്ത് കൊണ്ടാണ്?
മനുഷ്യത്വമില്ലാത്ത കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുത്.
ഡിസംബര്‍ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ബുള്‍ഡോസറുപയോഗിച്ച് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകള്‍ പൊളിച്ചുമാറ്റിയത്. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാന്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: karnataka bulldozers raj AA Rahim Against Congress