

മലയാളികളെ എന്നും കുടുകുടെ ചിരിപ്പിച്ച കോമ്പോ ആണ് ജയറാം-ഉർവശി. നിരവധി ഹിറ്റ് സിനിമകൾക്കായി ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി വീണ്ടും ജയറാം-ഉർവശി കോമ്പോ ഒന്നിക്കുകയാണ്. പാണ്ഡിരാജ് ഒരുക്കുന്ന കോമഡി ചിത്രത്തിലാണ് ഇരുവരും 20 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്നത്. ഇപ്പോഴിതാ ഉർവശിയുമൊത്ത് അഭിനയിക്കുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജയറാം.
'പാണ്ഡിരാജിന്റെ സംവിധാനത്തിൽ ഞാനും ഉർവശിയും ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുകയാണ്. 20 വർഷത്തിന് ശേഷം ഞാനും ഉർവശിയും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണത്. എല്ലാ ടേക്കും 10 മുതൽ 15 വരെ പോകും കാരണം ഒന്നുങ്കിൽ ഞാൻ അഭിനയിക്കുമ്പോൾ ഉർവശി ചിരിക്കും അല്ലെങ്കിൽ ഉർവശി അഭിനയിക്കുമ്പോൾ ഞാൻ ചിരിക്കും. പാണ്ഡിരാജ് സാർ ഞങ്ങൾ ചിരിച്ച് തീരാനായി കാത്തിരിക്കും', ജയറാമിന്റെ വാക്കുകൾ.
വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ തലൈവൻ തലൈവി ആണ് അവസാനമായി പുറത്തിറങ്ങിയ പാണ്ഡിരാജ് ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരുന്നു. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അതേസമയം, മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
#Jayaram: "Myself and Urvashi are joining after 20 years & doing film with Dir Pandiraj in Tamil🔥. Shooting currently going on🎬. Each scene will go for 10-15Takes, due to humour between us😁"
— AmuthaBharathi (@CinemaWithAB) January 21, 2026
[Pandiraj is back to Kathakali zone Thriller for this film🥶]pic.twitter.com/fcCajQA4lF
2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്.
Content Highlights: Jayaram talks about hilarious aincident between he and urvasi during shooting