

പട്‌ന: ആര്‍ജെഡി അധ്യക്ഷനും പിതാവുമായ ലാലു പ്രസാദ് യാദവിനെയും കുടുംബത്തെും വീട്ടിലെത്തി കണ്ട് തേജ് പ്രതാപ് യാദവ്. മകരസംക്രാന്തിയോട് അനുബന്ധിച്ചുളള ദഹി ചുര വിരുന്നിലേക്ക് ക്ഷണിക്കാനാണ് തേജ് പ്രതാപ് 10 സര്‍ക്കുലര്‍ റോഡിലുളള ലാലുവിന്റെ വസതിയിലെത്തിയത്. ബിഹാര്‍ പ്രതിപക്ഷ നേതാവും സഹോദരനുമായ തേജസ്വി യാദവിനെയും ലാലു പ്രസാദ് യാദവിനെയും റാബ്രി ദേവിയെയും ഇന്ന് നടക്കുന്ന ദഹി ചുര വിരുന്നിലേക്ക് ക്ഷണിച്ചു. തേജസ്വിയ്ക്കും ലാലുവിനും റാബ്രി ദേവിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തേജസ്വിയുടെ മകളെ എടുത്തുനില്‍ക്കുന്ന ചിത്രവും തേജ് പ്രതാപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കുടുംബത്തില്‍ നിന്നും ആര്‍ജെഡിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇതാദ്യമായാണ് തേജ് പ്രതാപും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ പൊതുവിടങ്ങളില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തേജ് പ്രതാപും തേജസ്വി യാദവും അകലം പാലിക്കുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിരുന്നു. എന്നാല്‍ വീട്ടിലെത്തിയ തേജ് പ്രതാപ് തേജസ്വിയുടെ മകളെ എടുത്ത് പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രം വൈറലാണ്. ലാലു പ്രസാദ് യാദവിന്റെ കുടുംബം തകര്‍ന്നുവെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നതാണ് തേജ് പ്രതാപിന്റെ സന്ദര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

2025 മെയ് 25-നാണ് ലാലു പ്രസാദ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയത്. ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചതിന് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തേജ് പ്രതാപിനെ പുറത്താക്കുന്നുവെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. അതിന് പിന്നാലെ ജനശക്തി ജനതാദള്‍ (ജെജെഡി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആര്‍ജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും തേജ് പ്രതാപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് തേജ് പ്രതാപ് യാദവ് പറഞ്ഞത്. അധികാരത്തോട് ആര്‍ത്തിയില്ലെന്നും അതിനേക്കാള്‍ ആദര്‍ശത്തിനും ആത്മാഭിമാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.

നവംബറിൽ തേജ് പ്രതാപിന്റെ പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആര്‍ജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെ ലാലു പ്രസാദ് യാദവിന്റെ കുടുംബം തകർന്നുവെന്ന അഭ്യൂഹമുണ്ടായി. എന്നാൽ തേജ് പ്രതാപിന്റെ സന്ദർശനത്തോടെ ഇതിന് വിരാമമായിരിക്കുകയാണ് എന്നാണ് ആർജെഡി അണികളുടെ വാദം. ലാലുവും കുടുംബവും തേജ് പ്രതാപിന്റെ വിരുന്നിൽ പങ്കെടുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Content Highlights: Tej Pratap invites Lalu Prasad Yadav and Tejashwi to his house to attend 'Dahi Chura' Feast