സെൻഗാറിന്‍റെ മക്കൾ സോഷ്യൽ മീഡിയ വഴി തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തി; ആരോപണവുമായി ഉന്നാവ് കേസിലെ അതിജീവിത

ഇത് തൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്ന് അതിജീവിത

സെൻഗാറിന്‍റെ മക്കൾ സോഷ്യൽ മീഡിയ വഴി തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തി; ആരോപണവുമായി ഉന്നാവ് കേസിലെ അതിജീവിത
dot image

ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിൻ്റെ മക്കൾക്കെതിരെ ആരോപണവുമായി അതിജീവിത രംഗത്ത്. കുൽദീപ് സിങിൻ്റെ പെൺമക്കൾ സോഷ്യൽ മീഡിയയിലൂടെ തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. ഇത് തൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും അതിജീവിത പറഞ്ഞു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു വീഡിയോയും അതിജീവിത പങ്കുവെച്ചിട്ടുണ്ട്.

സെന്‍ഗാറിന്റെ പിന്തുണക്കാര്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത സിബിഐക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്‍ഗാറിന്റെ മക്കളും തനിക്കെതിരെ രംഗത്തെത്തിയതായി അതിജീവിത വ്യക്തമാക്കുന്നത്. തന്റെ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

വ്യക്തിത്വം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് താനും ഭര്‍ത്താവും വലിയ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നിന് പങ്കുവച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് അതിജീവിത ഇക്കാര്യം വ്യക്തമാക്കിയത്. ജാതി വ്യത്യാസങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പിന്തുണയാണ് തനിക്ക് ആവശ്യമെന്നും അതിജീവിത പറഞ്ഞിരുന്നു. സെന്‍ഗാറിന്റെ മകള്‍ അവരുടെ അച്ഛന്‍ നിരപരാധിയാണെന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിതയും രംഗത്തെത്തിയത്.

കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സിബിഐ നല്‍കിയ അപ്പീലിന് പിന്നാലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു നടപടി. കുല്‍ദീപ് സിങ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും ഉന്നാവിലെ സാഹചര്യം ഗുരുതരമാണ് എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് സെന്‍ഗാറിന് കോടതി നോട്ടീസ് നല്‍കിയിരുന്നു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Content Highlight; Unnao survivor alleges that convict Kuldeep Sengar’s daughters are revealing her identity online

dot image
To advertise here,contact us
dot image