

റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്‍. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്ത്രീയുടെ ഭര്‍ത്താവ് ശാരീരികമായി വൈകല്യമനുഭവിക്കുന്നയാളാണ്. കുടുംബം പുലര്‍ത്താനായി ഗ്രാമത്തില്‍ ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള്‍ തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്‍ക്കമായി.
പിന്നാലെ പ്രതികളിലൊരാള്‍ സമൂസ തയാറാക്കാന്‍ ഉപയോഗിക്കുന്ന തിളച്ച എണ്ണ എടുത്ത് സ്ത്രീയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഉദയ് ചൗധരി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ മനീഷ് ചൗധരിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: Jharkhand Woman Attacked With Boiling Oil After Resisting Harassment