2026ല്‍ എഐ കുമിള പൊട്ടുമോ? രൂപ കരകയറുമോ?

ഓഹരിവിപണിയെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്

2026ല്‍ എഐ കുമിള പൊട്ടുമോ? രൂപ കരകയറുമോ?
പി ജി സുജ
1 min read|22 Dec 2025, 04:06 pm
dot image

2025 വിടപറയുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, ആഗോള ഓഹരി വിപണി ആകര്‍ഷകമായ നേട്ടമാണ് ഈ വര്‍ഷം കൈവരിച്ചത്. കണക്കുകളനുസരിച്ച് ഡിസംബര്‍ ആദ്യം വരെ 20.9 ശതമാനം നേട്ടം ആഗോള തലത്തില്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നാസ്ഡാക്ക് ഡിസംബറിന്‌റെ തുടക്കം വരെ 22 ശതമാനമാണ് മുന്നേറിയത്. എഐ അധിഷ്ഠിത ഓഹരികളിലാണ് പ്രധാനമായും ഈ മുന്നേറ്റം ഉണ്ടായത്. അമേരിക്ക, ചൈന, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എഐ കമ്പനികളാണ് കൂടുതല്‍ നേട്ടം കീശയിലാക്കിയത്.


2022ല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിറ്റിയുടെ മുന്നേറ്റമാണ് കുതിപ്പിന്‌റെ തുടക്കം. ഒരു മാസം കൊണ്ട് 10 കോടി ഉപഭോക്താക്കളുമായി തുടങ്ങിയ ഈ മുന്നേറ്റം തുടര്‍ന്ന് വന്ന എഐ വമ്പന്മാര്‍ക്കെല്ലാം വഴികാട്ടിയായി. ഇതോടെ നിക്ഷേപകര്‍ക്കെല്ലാം എഐ ഓഹരികള്‍ മതി എന്നതായി അവസ്ഥ. സ്വാഭാവികമായും എഐ ഓഹരികളുടെ വില 2025ല്‍ കുതിച്ചുയര്‍ന്നു.

ടെക് കുമിളയോ

എന്നാലിപ്പോള്‍ 2000ലുണ്ടായ ടെക് കുമിളയുടെ തനിയാവര്‍ത്തനം പോലെ 2026 ല്‍ എഐ എന്ന കുമിളയും പൊട്ടുമോ എന്ന ആശങ്ക ആഗോള തലത്തിലെമ്പാടുമുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതില്ല എന്ന് ഒരു വിഭാഗം വിപണി വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ എഐ യില്‍ തകര്‍ച്ചയ്ക്ക്് കാലമായില്ല എന്ന് വിലയിരുത്തുന്നവരുമുണ്ട്. നിലവില്‍ എഐ ഓഹരികളുടെ വില ഉയര്‍ന്ന തോതിലാണ് എന്നത് വാസ്തവമാണെങ്കിലും അത് പൊട്ടാവുന്ന വിധത്തിലായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയ ഓഹരികളുടെ പിഇ മൂല്യം ഈ ഡിസംബറില്‍ താങ്ങാവുന്ന വിധത്തിലുള്ള 46 എന്ന നിലയാണ്. മൈക്രോസോഫ്റ്റ് 35, ആപ്പിള്‍ 37, ആമസോണ്‍ 32, ആല്‍ബെറ്റ് 32, മെറ്റ 29 എന്നി നിലയിലാണ് ടെക് കമ്പനികളുടെ പിഇ മൂല്യം. ഇത് അല്‍പം ഉയര്‍ന്ന തോതിലാണെങ്കിലും കുമിളപോലെ പൊട്ടുന്ന നിലയിലല്ല. എങ്കിലും വരുംവര്‍ഷം എഐ ഓഹരികളുടെ കുതിപ്പിന് ചെറിയ തോതിലെങ്കിലും വേഗത കുറയാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിരുത്തല്‍ അനിവാര്യം

ബാങ്ക് ഓഫ് അമേരിക്കയുടെ സര്‍വേ അനുസരിച്ച് 2026ല്‍ എഐ ഓഹരികളില്‍ ഒരു തിരുത്തല്‍ അനിവാര്യമാണെന്ന് ആഗോള തലത്തിലുള്ള ഫണ്ട് മാനേജര്‍മാരില്‍ 45 ശതമാനവും അഭിപ്രായപ്പെടുന്നു. ഇത് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ 2024 -25 വര്‍ഷങ്ങളിലായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ച് എഐ ഓഹരികളില്‍ നിക്ഷേപിച്ചിരുന്ന പ്രവണതയ്ക്ക് ശമനമുണ്ടാകുമെന്നും എഐ ഓഹരികളിലെ നേട്ടമെടുത്ത് അവര്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേയ്ക്ക് മടങ്ങിയെത്തുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്, 1.6 ലക്ഷം കോടി രൂപ. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായ വില്‍പ്പന നടത്തിയത്.

Indian Rupee dollar Rate and Indian Stock Market
ഇന്ത്യന്‍ രൂപ

രൂപ ഉയരും

വിദേശ നിക്ഷേപമെത്തുന്നത് രൂപയുടെ മൂല്യം വീണ്ടും ഉയരാന്‍ വഴിവയ്ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2025ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് അഞ്ച് ശതമാനത്തിലേറെയാണ്. പോയ വാരം ഡോളറൊന്നിന് 91.14 രൂപ എന്ന റെക്കോര്‍ഡ് തകര്‍ച്ചയാണ് നേരിട്ടത്. ഡോളറിനെതിരെ രൂപ അക്ഷരാര്‍ത്ഥത്തില്‍ കൂപ്പുകുത്തിയ വര്‍ഷമാണ് 2025. മുന്‍കാലങ്ങളില്‍ രൂപ ശക്തമായ ഇടിവ് നേരിടുമ്പോള്‍ ആര്‍ബിഐ ഇടപെടാറുണ്ടെങ്കില്‍ ഈ വര്‍ഷം രൂപയുടെ തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ കാര്യമായ ഇടപെടലൊന്നും നടത്തിയിരുന്നുമില്ല. ഇത് യുഎസിന്റെ 50 ശതമാനം എന്ന ഇറക്കുമതി തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതി രംഗത്തെ പിന്തുണയ്ക്കാന്‍ കൈകൊണ്ട് നിലപാടായിരുന്നു എന്നുവേണം കരുതാന്‍. രൂപയുടെ മൂല്യം കുറയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് ഡോളര്‍ വരുമാനം കൂടുമെന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വസമാകുകയും ചെയ്തു.

മാറ്റം എപ്പോള്‍

എഐയിലെ നിക്ഷേപം കുറയുന്നത് സ്വാഭാവികമായും ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നതിന് വഴിയൊരുക്കും. ഇങ്ങനെ വിദേശ നിക്ഷേപത്തിന്‌റെ തിരിച്ചു വരവ്, ആഭ്യന്തര മൊത്ത ഉല്‍പ്പാദനമേഖലയുടെ 8.2 ശതമാനമെന്ന വളര്‍ച്ചാ സാധ്യത, ഇന്ത്യന്‍ കമ്പനികളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും അടുത്ത വര്‍ഷം വിപണിയെ തുണയ്ക്കും. വര്‍ഷാരംഭം തന്നെ ഈ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി മുന്നേറ്റ പ്രവണത കാണിച്ചില്ലെങ്കിലും രണ്ടാം പകുതിയോടെ ഒരു തിരിച്ചുവരവ് ദൃശ്യമാകും എന്നാണ് സൂചനകള്‍.

Content Highlights: What will be the impact of ai and rupee dollar rate in indian stock market

dot image
To advertise here,contact us
dot image