ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമർശം: മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടെന്നുമായിരുന്നു ചവാന്‍ പറഞ്ഞത്

ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമർശം: മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ
dot image

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പുപറയേണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടെന്നുമായിരുന്നു ചവാന്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

'ഞാന്‍ തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മാപ്പുപറയേണ്ട കാര്യവുമില്ല. ചോദ്യങ്ങള്‍ ചോദിക്കാനുളള അവകാശം നമ്മുടെ ഭരണഘടന എനിക്ക് തന്നിട്ടുണ്ട്. ഇപ്പോള്‍ കൂടുതലായി ഒന്നും പറയാനില്ല. എല്ലാം വിശദമായി പിന്നീട് പറയാം' എന്നാണ് പൃഥ്വിരാജ് ചവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നേരത്തെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചവാന്‍ ഓപ്പറേഷന്‍ സിന്ദൂറിനെതിരായ പരാമര്‍ശം നടത്തിയത്. 'ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം നമ്മള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മെയ് ഏഴിന് നടന്ന അര മണിക്കൂര്‍ നീണ്ട വ്യോമാക്രമണത്തില്‍, ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും നമ്മള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തി. യുദ്ധത്തില്‍ നഷ്ടങ്ങളുണ്ടാവുക സാധാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ ചില വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സര്‍ക്കാര്‍ തടയുകയാണ് എന്നാണ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്.

പൃഥ്വിരാജ് ചവാന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും ശിവസേനയും രംഗത്തെത്തിയിരുന്നു. സൈന്യത്തെ അനാദരിക്കുന്നത് കോണ്‍ഗ്രസിന്റെ ലക്ഷണമായി മാറിയിരിക്കുന്നു എന്നാണ് ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവാല പറഞ്ഞഥ്. രാഹുല്‍ ഗാന്ധിയും സമാന പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ സൈനിക വിരുദ്ധ മനോഭാവമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പൂനാവാല പറഞ്ഞു. പൃഥ്വിരാജ് ചവാന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ് എന്നാണ് ശിവസേന നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞത്.

Content Highlights: Prithviraj Chavan refuse to apologize on remarks against Operation Sindoor

dot image
To advertise here,contact us
dot image