

ബെംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലിയിൽ മൂന്നാമതൊരാളുടെ പേരുകൂടി ഉയർന്നു വരുന്നു. ഡി കെ ശിവകുമാറിന് വേണ്ടി ഒരു വിഭാഗം എംഎല്‍എമാരും പ്രവര്‍ത്തകരും ആവശ്യമുന്നയിക്കുമ്പോഴാണ് ഇത്. അതേസമയം കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം ഡികെ ശിവകുമാറിനായി പൂജകൾ നടത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു മാറ്റം വരില്ലെന്ന നിലപാടിലാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഡികെ ശിവകുമാറും സിദ്ധരാമയ്യയെയും കൂടാതെ സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പേരാണ് ഈ പട്ടികയിലേക്ക് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യമുയരുന്നുണ്ടെന്ന് അദ്ദേഹം സൂചനകൾ നൽകിയിരുന്നു. നേതൃത്വമാറ്റത്തെ കുറിച്ച് ആവശ്യമെങ്കിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ച ശേഷം എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ തീരുമാനിക്കുമെന്നും പരമേശ്വര ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ഹൈക്കമാൻഡ് ബന്ധപ്പെട്ടിട്ടില്ലെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'ഞാൻ എന്നും മത്സരത്തിലുണ്ടായിരുന്നു. 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ ഞാനായിരുന്നു പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. അന്ന് ഞങ്ങളാണ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ അന്ന് ഇലക്ഷനിൽ ഞാൻ തോറ്റു. വിജയിച്ചെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. സാധാരണയായി പിസിസി പ്രസിഡന്റുമാർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ അത് പാലിക്കപ്പെടാറില്ല' എന്നും പരമേശ്വര പറഞ്ഞു.

അതേസമയം കർണാടകയിലെ മുഖ്യമന്ത്രി സ്ഥാന കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന പ്രതികരണമാണ് ഖാർഗെയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി തൊട്ടടുത്ത ദിവസമായിരുന്നു ഈ പ്രതികരണം. അതിനിടയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിയിലേക്ക് തിരിച്ചിരുന്നു. കർണാടക സർക്കാർ രൂപീകരിച്ചപ്പോൾ 2.5 വർഷത്തിന് ശേഷം ഡികെ ശിവകുമാറിന് അധികാരം കൈമാറാം എന്നായിരുന്നു കരാർ. എന്നാൽ ഒരു മാറ്റവും സംഭവിക്കില്ലെന്നാണ് സിദ്ധരാമയ്യയുടെ പറയുന്നത്.
Content Highlights: a third contender entry into Karnataka CM suspense drama