

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ്. ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം ഒരൽപ്പം നിരാശ തോന്നുന്നതായി സ്റ്റബ്സ് പറയുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കാർക്കും മികച്ച സ്കോറിലെത്താൻ സാധിച്ചില്ലെന്നാണ് സ്റ്റബ്സിന്റെ വാക്കുകൾ.
'ആദ്യ ദിവസം അവസാനിക്കുമ്പോൾ ഒരൽപ്പം നിരാശ തോന്നുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ആറ് ബാറ്റർമാർ ക്രീസിലെത്തി. പക്ഷേ ആർക്കും വലിയ സ്കോറുകൾ നേടാൻ സാധിച്ചില്ല. എനിക്ക് കൂടുതൽ ഇഷ്ടം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതാണ്. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. ഇന്ത്യ നന്നായി പന്തെറിഞ്ഞു. അത് സ്കോറിങ് ബുദ്ധിമുട്ടാക്കി. ദക്ഷിണാഫ്രിക്കൻ സ്കോർബോർഡ് മെല്ലെയാണ് മുന്നോട്ട് നീങ്ങിയത്,' സ്റ്റബ്സ് പ്രതികരിച്ചു.
'കുൽദീപ് വളരെ പതുക്കെയാണ് പന്തെറിയുന്നത്. കുൽദീപിന്റെ പന്തുകൾ പലതും എനിക്ക് നന്നായി കളിക്കാൻ സാധിച്ചിരുന്നില്ല. കുൽദീപ് തന്നെ ഔട്ടാക്കിയ പന്ത് എനിക്ക് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു,' സ്റ്റബ്സ് വ്യക്തമാക്കി.
ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. 49 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ടോപ് സ്കോറർ. എയ്ഡാൻ മാർക്രം 38, റയാൻ റിക്ലത്തൺ 35, ക്യാപ്റ്റൻ തെംബ ബവൂമ 41 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ. ഇന്ത്യൻ ബൗളിങ് നിരയിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Tristan Stubbs feels a bit disappointed at the end