'ഉദ്യോഗസ്ഥർക്ക് ഭീഷണി; അമിത് ഷായുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം'; ആരോപണവുമായി തേജസ്വി യാദവ്

മഹാസഖ്യത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രശ്‌നമുണ്ടാക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും തേജസ്വി

'ഉദ്യോഗസ്ഥർക്ക് ഭീഷണി; അമിത് ഷായുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം'; ആരോപണവുമായി തേജസ്വി യാദവ്
dot image

പട്‌ന: ബിഹാറില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അമിത് ഷായുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമം നടക്കുന്നതായി തേജസ്വി യാദവ് ആരോപിച്ചു. അമിത് ഷാ ഉദ്യോഗസ്ഥരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. മഹാസഖ്യത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രശ്‌നമുണ്ടാക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും തേജസ്വി ചൂണ്ടിക്കാട്ടി. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു തേജസ്വി ആരോപണം ഉന്നയിച്ചത്.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം എന്‍ഡിഎ ആശങ്കയിലാണെന്ന് തേജസ്വി പറഞ്ഞു. തോല്‍ക്കുമെന്ന് അവര്‍ ഭയക്കുന്നു. ഫോണിലൂടെയും നേരിട്ടും അമിത് ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. താമസിക്കുന്ന ഹോട്ടലിലെ സിസിടിവി ഓഫാക്കിയ ശേഷമാണ് അമിത് ഷാ ഉദ്യോഗസ്ഥരെ കാണുന്നതെന്നും തേജസ്വം ആരോപിച്ചു. രണ്ട് ഗുജറാത്തികള്‍ ബിഹാറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തുകയാണ്. ബിഹാര്‍ ജനത ഒരിക്കലും വോട്ട് കൊള്ള അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ബിഹാറില്‍ നാളെ 20 ജില്ലകളില്‍ നിന്നായി 122 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 1,302 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നത്. 45,399 കേന്ദ്രങ്ങളിലായി പോളിംഗ് നടക്കും. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇതില്‍ 1.95 കോടി പേര്‍ പുരുഷന്മാരും 1.74 പേര്‍ സ്ത്രീകളുമാണ്. ഒന്നാംഘട്ടത്തില്‍ 64.66 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു ഇത്. 2020നെ അപേക്ഷിച്ച് ഒന്നാംഘട്ടത്തില്‍ 8.5 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. ബെഗുസരായിയിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 67.32 ശതമാനം പോളിംഗായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ഷെയ്ക്ക്പുരയിലായിരുന്നു. 52.36 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.

Content Highlights- Tejashwi yadav allegation against amit shah over second phase polling in bihar

dot image
To advertise here,contact us
dot image