'ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തെ കേൾക്കുന്നില്ല,പിന്നെന്തിന് GenZ ശ്രദ്ധിക്കണം';രാഹുൽഗാന്ധിക്കെതിരെ പ്രശാന്ത് കിഷോർ

രാഹുല്‍ ബിഹാറില്‍ വന്ന് ചുറ്റിത്തിരിഞ്ഞ് പോകുമെന്നും പ്രശാന്ത് കിഷോര്‍

'ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തെ കേൾക്കുന്നില്ല,പിന്നെന്തിന് GenZ ശ്രദ്ധിക്കണം';രാഹുൽഗാന്ധിക്കെതിരെ പ്രശാന്ത് കിഷോർ
dot image

പാട്‌ന: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജെന്‍ സി പരാമര്‍ശത്തിനെതിരെ ജന്‍ സൂരജ് പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. രാഹുലിന് ബിഹാറിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് എന്ത് അറിയാമെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു. രാഹുല്‍ ഇടയ്ക്ക് മാത്രം ബിഹാറില്‍ വരുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു ഘടകമേയല്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ജെന്‍ സി ഒരു ഏകീകരിക്കപ്പെട്ട ഗ്രൂപ്പല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. രാഹുലിന്റെ വോട്ട് ചോരി ആരോപണത്തിനും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ ജെന്‍ സി സംരക്ഷിക്കണമെന്ന ആഹ്വാനത്തിനുമെതിരെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിഹാറിനെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എത്രമാത്രം അറിവുണ്ട്? രാഹുല്‍ ഇവിടെ വരും, ചുറ്റിത്തിരിയും, കുറച്ച് ബൈറ്റുകള്‍ നല്‍കും, എന്നിട്ട് പോകും. ബിഹാറിലെ ജനങ്ങള്‍ പോലും അദ്ദേഹത്തെ ശ്രദ്ധിക്കാത്തപ്പോള്‍ ജെന്‍ സി എന്തിന് ശ്രദ്ധിക്കണം. ആരുടെയെങ്കിലും ആഹ്വാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏകീകൃത ഗ്രൂപ്പല്ല ബിഹാറിലെ ജെന്‍സി', പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേപ്പാളിലെ പോലെ ഒരു ജെന്‍ സി പ്രതിഷേധം ബിഹാറിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിനെ പോലെയല്ല ബിഹാറെന്നും രാഷ്ട്രീയമായ ഒരു സ്ഥലമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. വസ്ത്രമോ ഭക്ഷണമോ ജോലിയോ ഇല്ലെങ്കിലും ആളുകള്‍ക്ക് രാഷ്ട്രീയത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. അതുകൊണ്ടാണ് ജോലി പോലും ഉപേക്ഷിച്ച് രാവും പകലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരെങ്കിലും പറയുമ്പോഴേക്കും ഇവിടെ ഒരു വിപ്ലവം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Content Highlights: Prasanth Kishore against Rahul Gandhi s GenZ statement in Bihar

dot image
To advertise here,contact us
dot image