

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഒമ്പത് റൺസിന്റെ വിജയവുമായി ന്യൂസിലാൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിന് 19.5 ഓവറിൽ 168 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ എട്ടിന് 88 എന്ന നിലയിൽ തകർന്ന ശേഷമാണ് വിൻഡീസ് സംഘം വിജയത്തിന് അരികിൽ വരെയെത്തിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 56 റൺസെടുത്ത ഓപണർ ഡെവോൺ കോൺവേ, 41 റൺസെടുത്ത ഡാരൽ മിച്ചൽ, 26 റൺസെടുത്ത രചിൻ രവീന്ദ്ര, 23 റൺസെടുത്ത ടിം റോബിൻസൺ എന്നിവരാണ് ന്യൂസിലാൻഡ് നിരയിൽ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തത്.
മറുപടി ബാറ്റിങ്ങിൽ വിൻഡീസ് മുൻനിരയിൽ കാര്യമായ സംഭാവനകളുണ്ടായില്ല. 31 റൺസെടുത്ത അലിക് അതാന്സെയും 24 റൺസെടുത്ത അകീം വെയ്നും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മുൻനിര തകർന്നടിഞ്ഞതോടെ എട്ടിന് 88 എന്ന നിലയിൽ വിൻഡീസ് തകർന്നു. എന്നാൽ അവിടുന്ന് റൊമാരിയോ ഷെപ്പേർഡും ഷമർ സ്പ്രിങ്ങറും ഒത്തുചേർന്നു.
34 പന്തിൽ നാല് ഫോറും മൂന്ന് സിക്സറും സഹിതം 49 റൺസാണ് ഷെപ്പേർഡ് നേടിയത്. 20 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം സ്പ്രിങ്ങർ 39 റൺസ് നേടി. ഇരുവരും ചേർന്ന ഒമ്പതാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തു. 19 ഓവർ പൂർത്തിയാകുമ്പോൾ 166 റൺസിലെത്തിയതിന് പിന്നാലെയാണ് വിൻഡീസിന് ഒമ്പതാം വിക്കറ്റ് നഷ്ടമായത്. മുൻനിരയിൽ ഒരാളുടെ കൂടി പിന്തുണ ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
ന്യൂസിലാൻഡ് ബൗളിങ് നിരയിൽ ജേക്കബ് ഡഫിയും ഇഷ് സോധിയും മൂന്ന് വീതം വിക്കറ്റുകൾ നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 2-1ന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളിലും ടീമുകളുടെ വിജയം 10ൽ താഴെ റൺസിനാണ് സംഭവിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് റൺസിന് വിജയിച്ചപ്പോൾ രണ്ടാം ട്വന്റി 20 മൂന്ന് റൺസിന് ന്യൂസിലാൻഡ് വിജയിച്ചു.
Content Highlights: Romario Shepherd's 49 goes in vain as West Indies fall short by 9 runs