വിവാഹം കഴിക്കാന്‍ സ്ത്രീയെ വേണമെന്ന് ആവശ്യം, 60000 വാങ്ങി കൂട്ടുകാരന്‍; പറ്റിച്ച കൂട്ടുകാരനെ കുത്തി

'എനിക്ക് പെണ്ണ് വേണ്ട,നിന്നെ കൊല്ലും' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

വിവാഹം കഴിക്കാന്‍ സ്ത്രീയെ വേണമെന്ന് ആവശ്യം, 60000 വാങ്ങി കൂട്ടുകാരന്‍; പറ്റിച്ച കൂട്ടുകാരനെ കുത്തി
dot image

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ സ്ത്രീയെ കണ്ടെത്തി തരാം എന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ച കൂട്ടുകാരനെ കുത്തി യുവാവ്. കുത്ത് കൊണ്ട കൂട്ടുകാരന്‍ കത്തി വലിച്ചൂരി യുവാവിനെയും തിരിച്ചുകുത്തി. ഡല്‍ഹിയിലാണ് സംഭവം. ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാളെ ഈ മാസം നാലിന് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ കാരണം വെളിവായത്.

ദീപക്കും ജഗദീഷുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണ്. ഏറെ നാളായി ഭാര്യയുമായി പിണക്കത്തിലായിരുന്നു ദീപക്ക്. ഇതിനെ തുടര്‍ന്ന് ഭാര്യയെ സ്വന്തം വീട്ടില്‍ ദീപക്ക് കൊണ്ടുചെന്നാക്കിയിരുന്നു.

അതിന് ശേഷം മടങ്ങിയെത്തിയ ദീപക്ക് തനിക്ക് പുനര്‍വിവാഹം കഴിക്കണമെന്ന് സുഹൃത്തായ ജഗദീഷിനോട് പറഞ്ഞു. താന്‍ പറ്റിയ ഒരാളെ കണ്ടെത്തി തരാമെന്നും പക്ഷെ ഇതേറെ ചെലവേറിയ പദ്ധതിയാണെന്നും ജഗദീഷ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദീപക്ക് ജഗദീഷിന് 300000 രൂപയും കൊടുത്തു.

ദിവസങ്ങളേറെ കഴിഞ്ഞിട്ടും ജഗദീഷ് ദീപക്കിന് വധുവിനെ കണ്ടെത്തിക്കൊടുത്തില്ല. എന്തുകൊണ്ടാണിതെന്ന് ചോദിച്ച് ദീപക് ജഗദീഷിനെ ബന്ധപ്പെട്ടപ്പോള്‍ ഇനിയും പണം ആവശ്യമാണെന്ന് പറഞ്ഞു. അപ്പോള്‍ ദീപക്ക് 30000 രൂപ കൂടി അയച്ചു കൊടുത്തു. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല.

ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് ജഗദീഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വിളിച്ചുവരുത്തുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. 'എനിക്ക് പെണ്ണ് വേണ്ട,നിന്നെ കൊല്ലും' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

ജഗദീഷിന്റെ നെഞ്ചിലാണ് ദീപക്ക് കുത്തിയത്. എന്നാല്‍ നിസാരമായി പരിക്കേറ്റ ജഗദീഷ് കത്തി ഊരിയെടുത്ത് ദീപക്കിനെ മൂന്ന് തവണ കുത്തിവീഴ്ത്തി. പിന്നീട് ഓടിരക്ഷപ്പെട്ടു. കുത്തേറ്റ ദീപക്കിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ദീപക്ക് ഇരയാണെന്ന തരത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദീപക്കാണ് ജഗദീഷിനെ ആക്രമിച്ചതെന്ന് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image