ദൃശ്യം സിനിമ നാല് തവണ കണ്ടു, അതേ മാതൃകയില്‍ ഭാര്യയെ കൊന്ന് യുവാവ്; സംഭവം പൂനെയില്‍

സമീര്‍ ജാദവിന് മറ്റൊരു ബന്ധമുണ്ടായതായിരുന്നു കൊലയ്ക്ക് കാരണമെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു

ദൃശ്യം സിനിമ നാല് തവണ കണ്ടു, അതേ മാതൃകയില്‍ ഭാര്യയെ കൊന്ന് യുവാവ്; സംഭവം പൂനെയില്‍
dot image

പൂനെ: ദൃശ്യം സിനിമയില്‍ പ്രചോദിതനായി യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. അഞ്ജലിയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിക്കുകയായിരുന്നു. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്തരം പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മറ്റൊരു സുഹൃത്തിന് ഇയാള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സമീറിന്റെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. ഒടുവില്‍ പിടിയിലായതിന് പിന്നാലെ ദൃശ്യം സിനിമ നാല് തവണ കണ്ടെന്നും അതിന് പിന്നാലെയാണ് കൊല ചെയ്യാനുള്ള പദ്ധതിയുണ്ടാക്കിയതെന്നും സമീര്‍ പൊലീസിനോട് പറയുകയായിരുന്നു.

2017ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. പൂനെയിലെ ശിവനേ ഏരിയയിലാണ് ഇരുവരും താമസിച്ചിരുന്നത്. മൂന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും ഇരുവര്‍ക്കുമുണ്ട്. കഴിഞ്ഞ മാസം 26ന് സമീര്‍ വാടകയ്‌ക്കെടുത്ത വെയര്‍ഹൗസിലേക്ക് ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. പുതിയ ഗോഡൗണ്‍ കാണിക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ജലിയെ അവിടേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയ ഉടനെ അഞ്ജലിയെ സമീര്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ അവിടെ ഒരു ഇരുമ്പുചൂളയും അയാള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും അടുത്തുള്ള നദിയില്‍ ചാരം കളയുകയും ചെയ്തു. സംഭവസമയത്ത് കുട്ടികള്‍ ബന്ധുവീട്ടിലായിരുന്നു. ഭാര്യയെ സംശയം തോന്നിയതാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സമീറിന് മറ്റൊരു ബന്ധമുണ്ടായതായിരുന്നു കൊലയ്ക്ക് കാരണമെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. അഞ്ജലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കാന്‍ ഇയാള്‍ തന്നെ ഡിജിറ്റല്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നു.

Content Highlights: Husband killed wife in Pune inspired by Drishyam cinema

dot image
To advertise here,contact us
dot image