ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ട്, അർഹതപ്പെട്ട സ്ഥാനങ്ങളിൽ അദ്ദേഹം തഴയപ്പെട്ടു; സ്വാമി സച്ചിദാനന്ദ

'ഇപ്പോഴും നിരവധി പേർ ശിവഗിരി മഠത്തിലേക്ക് വിളിക്കുന്നുണ്ട്. ഒരു വാർഡിൽ പോലും മത്സരിക്കാൻ അനുവദിക്കുന്നില്ല എന്നാണ് അവരുടെ പരാതി'

ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ട്, അർഹതപ്പെട്ട സ്ഥാനങ്ങളിൽ അദ്ദേഹം തഴയപ്പെട്ടു; സ്വാമി സച്ചിദാനന്ദ
dot image

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാൽ ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ട്. സുധാകരൻ നേതൃസ്ഥാനത്ത് നിന്നും അർഹതപ്പെട്ട സ്ഥാനത്തുനിന്നും തഴയപ്പെട്ടു. കെ സുധാകരൻ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഈഴവർ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കവെ കെ സുധാകരനെ വേദിയിലിരുത്തിയായിരുന്നു പരാമർശം.

രണ്ടോ മൂന്നോ നേതാക്കന്മാർ ചുറ്റുമിരുന്ന് ആര് കേരളത്തെ ഭരിക്കണം ഞാൻ ഭരിക്കണമോ നീ ഭരിക്കണമോ എന്ന ചർച്ച നടക്കുമ്പോൾ കെ സുധാകരനെപോലെയും വി എം സുധീരനെ പോലെയുമുള്ളവർ തഴയപ്പെടുകയാണ്. അർഹിക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും കെ സുധാകരൻ പിന്തള്ളപ്പെട്ടിരിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പറയുന്നു. എന്നാൽ ദേശീയ അധ്യക്ഷന്റെയും സുധാകരന്റെയും ആരോഗ്യത്തെയും പറ്റി ചിന്തിച്ചാൽ അദ്ദേഹം എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് മനസിലാകും.

നാലുവർഷം മുൻപ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ ഈഴവർ നേരിടുന്ന അവഗണന ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെ ബാബു മാത്രമായിരുന്നു അന്ന് സമുദായത്തിൽ നിന്ന് എംഎൽഎ ആയി ഉണ്ടായിരുന്നത്. ഇപ്പോഴും നിരവധി പേർ ശിവഗിരി മഠത്തിലേക്ക് വിളിക്കുന്നുണ്ട്. ഒരു വാർഡിൽ പോലും മത്സരിക്കാൻ അനുവദിക്കുന്നില്ല എന്നാണ് അവരുടെ പരാതി. എല്ലാ സമുദായത്തിനും അർഹതപ്പെട്ടത് നൽകിയില്ലെങ്കിൽ ഇനിയും പിന്തള്ളപ്പെടുമെന്നതിൽ സംശയം വേണ്ട. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുകയാണ്. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. അതേസമയം, ശിവഗിരി മഠാധിപതിയുടെ വിമർശനം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമെന്നാണ് കെ സുധാകരന്റെ പ്രതികരണം.

Content Highlights: Swami Sachidananda has expressed his dissatisfaction over the removal of K Sudhakaran from the post of KPCC President

dot image
To advertise here,contact us
dot image