

പാറ്റ്‌ന: കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയുടെ ലേഖനം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രിയങ്കയുടെ മറുപടി. പൂര്‍വീകര്‍ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാന്‍ കഴിയാത്തവരാണ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മീകി നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു.
കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളില്‍ നിന്ന് വിളിച്ചുപറയുന്നവര്‍ക്ക് രക്തസാക്ഷിത്വമുള്‍പ്പെടെയുള്ള ത്യാഗങ്ങള്‍ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ ബിജെപി നേതാക്കള്‍ നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതിന്റെ തിരക്കിലാണ്. രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് മേയര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പരാമര്‍ശിച്ചു. എന്നാല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ അപമാനിക്കപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.