

2026 ലോകകപ്പ് ഫുട്ബോളിനുള്ള അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ജഴ്സി പുറത്ത്. 2024, 2018 വർഷങ്ങളിലെ ജഴ്സിക്ക് സമാനമായാണ് 2026ലെ ജഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്കിലും മുമ്പില്ലാത്തവിധം അർജന്റീനയുടെ പരമ്പരാഗത വെള്ളയും ആകാശ നീലയും ജഴ്സിക്ക് കൂടുതൽ കടുപ്പത്തിൽ നിറം നൽകിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
അഡിഡാസ് ആണ് അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ കടുപ്പത്തിൽ നിറം നൽകിയിരിക്കുന്നത് അർജന്റീനൻ ഫുട്ബോളിന്റെ വലിയ പാരമ്പര്യത്തെ സൂചിപ്പിക്കാനാണെന്നാണ് അഡിഡാസിന്റെ പ്രതികരണം. ജഴ്സിയിലെ ആകാശ നീല നിറം മൂന്ന് വ്യത്യസ്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് അർജന്റീനയുടെ മൂന്ന് ലോകകപ്പ് നേട്ടങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. 1978, 1986, 2022 ലോകകപ്പുകളാണ് അർജന്റീന നേടിയിട്ടുള്ളത്. നിലവിലെ ലോകചാംപ്യന്മാർ കൂടിയാണ് അർജന്റീനൻ ടീം.
ജഴ്സിയുടെ പിന്നിൽ 1893 എന്നും എഴുതിയിട്ടുണ്ട്. ഇത് അർജന്റീന ഫുട്ബോൾ സ്ഥാപിതമായ വർഷമാണ്. ഒപ്പം 125 വർഷത്തെ പാരമ്പര്യം അർജന്റീന ഫുട്ബോളിനുണ്ടെന്നും ഓർമിപ്പിക്കുന്നു.
𝑩𝒆𝒂𝒖𝒕𝒚: the quality of being pleasing and attractive, especially to look at 😍 pic.twitter.com/lOogpRb93F
— Selección Argentina in English (@AFASeleccionEN) November 5, 2025
അഡിഡാസ് സ്പോൺസർ ചെയ്യുന്ന 26 രാജ്യങ്ങളുടെ ജഴ്സിയും ഇന്ന് പുറത്തിറക്കി. അർജന്റീനയെ കൂടാതെ അൽജീരിയ, ബെൽജിയം, ചിലി, കൊളംബിയ, കോസ്റ്ററിക്ക, ജർമനി, ഹങ്കറി, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, നോർത്തേൺ അയർലൻഡ്, പെറു, ഖത്തർ, സൗദി അറേബ്യ, സ്കോട്ലാൻഡ്, സ്പെയിൻ, സ്വീഡൻ, യുക്രൈൻ, യുഎഇ, വെനസ്വേല, വെയ്ൽസ് എന്നീ ടീമുകളുടെ ജഴ്സിയാണ് ഇന്ന് പുറത്തിറങ്ങിയത്.
Content Highlights: Argentina's new home jersey for the World Cup 2026