
ഡാര്‍ജിലിങ്: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. ആകെ മരിച്ചവരില്‍ ആറ് പേര്‍ ബാലസോണ്‍ നദിയിലെ ഇരുമ്പുപാലം തകര്‍ന്നാണ് മരിച്ചത്. മിറിക്, കുര്‍സിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.
മണ്ണിടിച്ചിലില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള പ്രവേശനവും തടസപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടം, പൊലീസ്, ദുരന്ത നിവാരണ സേന, എന്‍ഡിആര്‍എഫ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നത്.
മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റന്‍ ഭാഗത്ത് ഏകദേശം 1000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡാര്‍ജിലിങ്ങിന്റെ അയല്‍ ജില്ലയായ അലിപുര്‍ദുവാറില്‍ നാളെ രാവിലെ വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡാര്‍ജിലിങ്ങിലെ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്ന് നോര്‍ത്ത് ബംഗാള്‍ വികസന മന്ത്രി ഉദയന്‍ ഗുഹ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ആശങ്കകള്‍ പങ്കുവെച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മമത അടിയന്തര സഹായം വാഗ്ദാനം ചെയ്തു. 'വടക്കന്‍ ബംഗാളില്‍ കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് 12 മണിക്കൂറിനുള്ളില്‍ 300 mm മഴ ലഭിച്ചു. സങ്കോഷ് നദിയുടെയും ഭൂട്ടാനിലെയും സിക്കിമിലെയും നദികളിലെയും ഒഴുക്ക് വര്‍ധിച്ചു. ഇതാണ് ദുരന്തത്തിന് കാരണമായത്', മമത ബാനര്‍ജി പറഞ്ഞു. ഡാര്‍ജിലിങ്ങിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Content Highlights: Flood in Darjeeling death toll rise to 18