
ബഹ്റൈനിലെ പരമ്പാരാഗത മാര്‍ക്കറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പുതിയ ഏകീകൃത നിയമങ്ങള്‍ നിലവില്‍ വന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, നിയമപരവും ആരോഗ്യപരവുമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക, വാണിജ്യ ഇടങ്ങള്‍ ആധുനികവത്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.
മുന്‍സിനിസിപ്പല്‍ കൗണ്‍സിലുകളും ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. വ്യാപാരികളുടെ ലൈസന്‍സിങ്, മേല്‍നോട്ടം, മാര്‍ക്കറ്റുകളുടെ പൊതുവായ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ ശുചിത്വം, സുരക്ഷ, പൊതുക്രമം എന്നിവ നിലനിര്‍ത്തുക, പരമ്പരാഗത, സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ സാമ്പത്തികപരമായ പങ്ക് ശക്തിപ്പെടുത്തുക, നീതിയുക്തമായ ലൈസന്‍സിങ് നടപടികളിലൂടെ വാണിജ്യ ഇടങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നിവയും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നു.
കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം വ്യാപാരികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെയും പരമ്പരാഗത മേഖലുടെയും പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ നിയമപ്രകാരം അതത് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അംഗീകാരം നല്‍കിയ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ ഏതെങ്കിലും കച്ചവടത്തില്‍ എര്‍പ്പെടാന്‍ കഴിയുകയുള്ളു.
പ്രത്യേക അനുമതി ഇല്ലാതെ ഒരു വ്യാപാരിക്ക് ഒരു മാര്‍ക്കറ്റില്‍ ഒന്നിലധികം സ്ഥലം സ്വന്തമാക്കാന്‍ കഴിയില്ല. ഉപവാടകക്ക് നല്‍കണമെങ്കിലും പ്രത്യേക അനുമതി ആവശ്യമാണ്. മാര്‍ക്കറ്റില്‍ സഞ്ചാരത്തിനായി കുറഞ്ഞത് ഒരു മീറ്റര്‍ സ്ഥലം ഉറപ്പാക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. അടിയന്തര സേവനങ്ങള്‍ക്കോ കാല്‍നടക്കാര്‍ക്കോ തടസമുണ്ടാക്കുന്ന ഒരു വ്യാപാരവും അനുവദിക്കില്ല. നിയമം ലംഘിക്കുന്ന വ്യാപാരികളുടെ സാധനങ്ങള്‍ മുനിസിപ്പാലിറ്റിക്ക് കണ്ടുകെട്ടാനും ലേലം ചെയ്യാനും അനുവാദമുണ്ടെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
Content Highlights: New unified laws have been introduced to regulate activities in traditional markets in Bahrain