
ചെന്നൈ: നാല്‍പത്തിയൊന്ന് പേരുടെ മരണത്തിടയാക്കിയ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. ഇതിനായി ഇരുപത് അംഗങ്ങളെ വിജയ് നിയോഗിച്ചു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്. അതുകൊണ്ടുതന്നെ കരൂരിലെ ടിവികെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്. കരൂര്‍ സന്ദര്‍ശനമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നൊരുക്കള്‍ക്കായി ഇരുപത് അംഗത്തെ വിജയ് നിയോഗിച്ചത്. മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മക്കള്‍ ശക്തി കക്ഷി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കരൂര്‍ ദുരന്തം ഡിഎംഎസ്‌കെയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം 27നായിരുന്നു കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് ഇത് 41 ലേക്ക് ഉയരുകയായിരുന്നു.
തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. 'അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', എന്നായിരുന്നു വിജയ്യുടെ പ്രതികരണം. ഇതിന് പിന്നാലെ നടനെതിരെ സര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനവും പിന്നാലെ ഡിഎംകെ നേതാക്കളുടെ പ്രതികരണവും വന്നിരുന്നു.
Content Highlights- Actor come politician vijay may visit karur