
കാൺപൂർ: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ആരും മറന്നിട്ടുണ്ടാകില്ല. സമാനമായി മറ്റൊരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുകയാണ്. സംഭവം കേരളത്തിലല്ല, കാൺപൂരിലാണ്. മുറിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു.
പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. സെപ്റ്റംബർ 18-നാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേണൽ ഗഞ്ചിലെ പൊലീസ് ഇൻസ്പെക്ടർ വിനീത് കുമാർ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും കുടുംബാംഗങ്ങൾ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ.
2021-ലാണ് ഷാനവാസും രേഷ്മയും വിവാഹിതരായത്. വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയെന്ന് രേഷ്മയുടെ കുടുംബം പറയുന്നു. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. എന്നാൽ അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവ് ഷാനവാസ്, മാതാപിതാക്കൾ, സഹോദരൻ, സഹോദരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: snake bite case for dowry in kanpur