മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം;നേട്ടങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം;നേട്ടങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ; അഭിനന്ദിച്ച് പ്രധാനമന്ത്രി
dot image

ന്യൂ ഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹന്‍ലാലെന്ന് മോദി എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകളുടെ അഭിനയപാടവം, മലയാള സിനിമാ, നാടക മേഖലയെ നയിക്കുന്ന വെളിച്ചം, കേരള സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വം എന്നെല്ലാമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ലാൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

മോഹൻലാലിന് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും രംഗത്തെത്തി. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തില്‍ നിന്നും ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്കെത്തിയ അദ്ദേഹത്തിന്റെ അഭിനയപാടവം നമ്മുടെ സംസ്‌കാരത്തെ ആഘോഷമാക്കുകയും നമ്മുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിട്ടുണ്ട്.

2023 ലെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: PM Modi and Minister Ashwini Vaishnaw congragulates Mohanlal

dot image
To advertise here,contact us
dot image