
ഏഷ്യ കപ്പിലെ ഇന്നത്തെ യു എ ഇ യുമായുള്ള മത്സരം പാകിസ്താൻ കളിക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സമയം രാത്രി 8:00 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. യുഎഇ ടീം ഇതിനകം സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും പാകിസ്താൻ ടീം എത്തിയിട്ടില്ല.
ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി സി ബി ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ടൂർണമെന്‍റിൽ നിന്ന് പിന്മാറുമെന്നും അവർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റഫറിയെ മാറ്റില്ലെന്ന നിലപാടാണ് ഐ സി സി സ്വീകരിച്ചത്. എന്നാൽ മാച്ച് റഫറിയെ മാറ്റാതെ കളിക്കില്ലെന്നാണ് പാകിസ്താന്റെ ഇപ്പോഴത്തെ നിലപാട്.
Content Highlights: Pakistan boycott Asia Cup group clash against UAE: Report