
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'വോട്ട് കൊള്ള' പ്രചാരണത്തിനെതിരെ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാര്‍ട്ടി അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കുമെതിരെ എസ്‌ഐടി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധിയുടെ പ്രചാരണം തടയണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ മുന്‍ ഉപാധ്യക്ഷന്‍ സതീഷ് കുമാര്‍ അഗര്‍വാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരപരിധിയെ ദുര്‍ബലപ്പെടുത്തുന്നതിനാണ് പ്രചാരണം എന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുമെന്ന് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ സമീപകാല നടപടികളും പെരുമാറ്റവും സത്യപ്രതിജ്ഞാലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ട് കൊള്ള ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഹര്‍ജി. ജനങ്ങളെ നേരില്‍ കണ്ട് വോട്ടു കൊള്ള തുറന്ന് കാട്ടുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ് യാത്രയിലൂടെ ഇന്‍ഡ്യാ സഖ്യം ലക്ഷ്യമിടുന്നത്. വോട്ടര്‍ അധികാര്‍ യാത്ര ആറാം ദിവസമായ ഇന്ന് സുല്‍ത്താന്‍ ഗഞ്ചില്‍ നിന്നും നൗഗച്ചിയയിലേക്കാണ് പുരോഗമിക്കുന്നത്.
അതിനിടെ ഇന്ന് കന്യാ സ്ത്രീകളുമായും മുസ്ലിം സമൂഹവുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുന്‍ഗറിലെ യാത്രക്കിടെ വഴിയരികില്‍ കാത്തുനിന്ന കന്യാസ്ത്രീകളെ രാഹുല്‍ കണ്ടു. അവരുമായി സംസാരിച്ചു. രാവിലെ ാഹുലും തേജസ്വി യാദവും ഖാന്‍കാ റഹ്‌മാനി മസ്ജിദ് സന്ദര്‍ശിച്ചിരുന്നു. അസദുദ്ദീന്‍ ഉവൈസിയെ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാക്കണമെന്ന് മുസ്ലിം സമൂഹം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്ന് പ്രാദേശിക നേതാക്കള്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Plea filed in Supreme Court against vote adhikar yatra campaign led by Rahul Gandhi