
ദിസ്പുര്‍: അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. സെപ്റ്റംബര്‍ 15 വരെയാണ് ഇടക്കാല സംരക്ഷണം നീട്ടിയത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഇടക്കാല സംരക്ഷണം സുപ്രീം കോടതി നല്‍കിയതിന് ശേഷവും പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ കേസിലെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് അനുസരിച്ചാണ് അസം പൊലീസ് സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തി കേസെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിഎന്‍എസ് 152, 196, 197(1)(ഉ)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയാണ് ബിഎന്‍എസിന്റെ 152-ാം വകുപ്പ് പരാമര്‍ശിക്കുന്നത്. മുമ്പ് 2025 ജൂണ്‍ 28-ന് 'ദി വയറി'ല്‍ പ്രസിദ്ധീകരിച്ച 'IAF Lost Fighter Jets to Pak Because of Political Leadership's Constraints': Indian Defence Attache' എന്ന വാര്‍ത്തയെത്തുടര്‍ന്ന് ബിജെപി ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് 2025 ജൂലൈ 11ന് മോറിഗാവില്‍ വരദരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Content Highlights: Supreme Court stay arrest of Siddharth Varadarajan and Karan Thapar