
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് ആരോപണങ്ങളിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ എംപി. രാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളാണെന്നും മുഖവിലയ്‌ക്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും തരൂർ 'എക്‌സി'ൽ കുറിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമായ ഒന്നാണെന്നും അതിനെ നശിപ്പിക്കാൻ ഇടവരുത്തരുതെന്നും തരൂർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. തുടരെത്തുടരെയുള്ള മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെയാണ് തരൂർ രാഹുലിനെ പിന്തുണച്ച് രംഗത്തുവരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉന്നയിച്ചത്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും ആരോപിച്ച രാഹുല്‍ കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന ക്രമക്കേടുകളുടേതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ പട്ടിക രേഖകളും പുറത്തുവിട്ടിരുന്നു. 'മഹാരാഷ്ട്രയിൽ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
These are serious questions which must be seriously addressed in the interests of all parties & all voters. Our democracy is too precious to allow its credibility to be destroyed by incompetence, carelessness or worse, deliberate tampering. @ECISVEEP must urgently act &… https://t.co/RvKd4mSkae
— Shashi Tharoor (@ShashiTharoor) August 8, 2025
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിന് കത്തയച്ചിരുന്നു. പേരുകള്‍ സഹിതം തെളിവ് നല്‍കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നുമാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിനോട് ആവശ്യപ്പെട്ടത്. താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നുമായിരുന്നു കത്തിന് രാഹുല്‍ ഗാന്ധി നൽകിയ മറുപടി.
Content Highlights: Tharoor supports Rahul Gandhi at his election commission claims