
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ ഇന്ന് എഎംഎംഎയ്ക്ക് പരാതി നൽകും. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരൻ മറുപടി നൽകണം എന്നാണ് ഇവരുടെ ആവശ്യം. ആരുടെ നിർദ്ദേശ പ്രകാരമാണ് വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്നും നടിമാർ ആവശ്യപ്പെടും.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി ഒരു യോഗം വിളിച്ചത്. ആ പരിപാടിയിൽ അംഗങ്ങൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്ത്. എന്നാൽ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ മത്സരിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.
മെമ്മറി കാർഡ് വിവാദത്തിൽ മറ്റാർക്കും ഒരു അറിവും ഇല്ലെന്നും വിവരങ്ങൾ എല്ലാം ഒരു യൂട്യൂബർ ആണ് പുറത്തു വിടുന്നതെന്നും മാലാ പാർവതി റിപ്പോർട്ടർ ടി വി യോട് പ്രതികരിച്ചിരുന്നു. ആരാണ് അയാൾക്ക് ഈ അധികാരം നൽകിയതെന്നും ഇവർ കൂട്ടിച്ചേർത്തു. ഒരു കൂട്ടം ആളുകളിലേക്ക് മാത്രം സംഘടനയുടെ കാര്യങ്ങൾ ഒതുങ്ങിപ്പോയി എന്നും മാറ്റം അനിവാര്യമാണെന്നും മാലാ പാർവതി പറഞ്ഞിരുന്നു
Content Highlights: Memory card controversy, Actresses to file complaint with organization