റെയിൽവേ പൊലീസ് എടുത്ത കേസ് എൻഐഎ കേസായി; അവർ കോടതി കയറിയിറങ്ങേണ്ടി വരും; ആശങ്കയുമായി കന്യാസ്ത്രീകളുടെ കുടുംബം

'ജാമ്യം കിട്ടി എന്നതുകൊണ്ട് മാത്രമായില്ല. അവസ്ഥ ഭീകരമാണ്'

dot image

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ആശങ്ക മാറിയിട്ടില്ലെന്ന് കന്യാസ്ത്രീകളുടെ കുടുംബം. റെയില്‍വേ പൊലീസ് എടുത്ത കേസാണ് എന്‍ഐഎ കേസായി മാറിയത്. എന്‍ഐഎയാണ് അവരെ ചോദ്യം ചെയ്യുക. എല്ലാ പതിനാല് ദിവസവും എന്‍ഐഎ പറയുന്ന സ്ഥലത്ത് അവർ ഒപ്പിടാന്‍ പോകണം. ജാമ്യം കിട്ടി എന്നതുകൊണ്ട് മാത്രമായില്ലെന്നും അവസ്ഥ ഭീകരമാണെന്നും സിസ്റ്റർ പ്രീതി മേരിയുടെ ബന്ധു സുധീഷ് പറഞ്ഞു.

കുടുംബവും സഭയും ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അമൃതോ ദാസിനെ അഭിഭാഷകനായി നിയമിച്ചതെന്നും ബന്ധു പറഞ്ഞു. കന്യാസ്ത്രീകളെ കോടതികള്‍ കയറിയിറങ്ങാനുള്ള അവസരം ഉണ്ടാക്കില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടരും. രണ്ട് കന്യാസ്ത്രീകള്‍ നാളെ മുതല്‍ കോടതി വരാന്തയില്‍ പോയി മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്ന് പറഞ്ഞ് നില്‍ക്കുന്ന സാഹചര്യം ഒന്ന് ആലോപിച്ച് നോക്കൂ. ജയിലില്‍ കിടക്കുന്നതിനേക്കാള്‍ ദുരിതപൂര്‍ണമാണത്. അവരെ മറ്റുള്ളവര്‍ എങ്ങനെ നോക്കിക്കാണുമെന്നും എങ്ങനെ സമീപിക്കുമെന്നും ആലോചിക്കണമെന്നും കുടുംബം പറഞ്ഞു. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ നേതാക്കൾ അടക്കം നൽകിയ ഉറപ്പിനെ ബഹുമാനിക്കുന്നുവെന്നും ബന്ധു കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകൾ പുറത്തിറങ്ങി.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.

Content Highlights- 'The case taken up by the Railway Police has become an NIA case'; Family expresses concern

dot image
To advertise here,contact us
dot image