വിജയ് എംജിആര്‍ ഒന്നുമല്ലല്ലോ: ടിവികെയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് ഡിഎംകെ നേതാവ്

തമിഴ്‌നാട്ടില്‍ പ്രത്യയശാസ്ത്രപരമായ അടിത്തറയോ നേതൃത്വമോ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും എ രാജ വ്യക്തമാക്കി

dot image

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ ഡിഎംകെ എംപിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജ രംഗത്ത്. വിജയ് എംജിആറിന്റെ (എംജി രാമചന്ദ്രന്‍) രാഷ്ട്രീയപാത സ്വീകരിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അദ്ദേഹം എംജിആര്‍ അല്ലെന്നും എ രാജ പറഞ്ഞു. തമിഴ്‌നാട്ടില്‍ പ്രത്യയശാസ്ത്രപരമായ അടിത്തറയോ നേതൃത്വമോ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും എ രാജ വ്യക്തമാക്കി. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പ്രതികരണം. നടന്മാരുടെ രാഷ്ട്രീയ പ്രവേശം ഡിഎംകെയുടെ വോട്ട് ഷെയറിനെ ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു എ രാജയുടെ മറുപടി.

'ചിലപ്പോള്‍ വോട്ട് ഷെയറില്‍ അഞ്ചോ ഏഴോ ശതമാനം മാറ്റമുണ്ടാകാം. എംജിആര്‍ ഡിഎംകെക്കാരനായിരുന്നു. പാര്‍ട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം. അത്തരമൊരു ഉയര്‍ച്ച എളുപ്പം കൈവരിക്കാനാകില്ല. അദ്ദേഹം 50 ശതമാനം സിനിമാക്കാരനും 50 ശതമാനം ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ വിജയത്തിനുപിന്നിലെ കാരണം. ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ അവകാശവാദം ഉന്നയിക്കാം. പക്ഷെ നിങ്ങളൊരു നേതാവല്ല. കരുണാനിധിയുടെ കാലത്ത് വിജയകാന്ത് പ്രതിപക്ഷ നേതാവായിരുന്നു. പക്ഷെ അതൊന്നും ദീര്‍ഘകാലത്തേക്കായിരുന്നില്ല.'- എ രാജ പറഞ്ഞു.

വിജയ്‌യുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം എംജിആറിന്റെ പാത പിന്തുടരാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചുമുളള ചോദ്യത്തിന്, 'അദ്ദേഹം ശ്രമിക്കട്ടെ, വിജയ് ഒരിക്കലും എംജിആര്‍ അല്ലല്ലോ. എംജിആര്‍ എംഎല്‍എയും എംഎല്‍സിയും പിന്നീട് ഡിഎംകെ ട്രഷററുമെല്ലാം ആയിരുന്ന ആളാണ്. സിനിമയില്‍ പ്രശസ്തനായതോടെ അദ്ദേഹം പാര്‍ട്ടിയെ പിളര്‍ത്തി എന്നത് സത്യമാണ്. പക്ഷെ വിജയ്ക്ക് എംജിആര്‍ ആകാനാവില്ല'-എന്നായിരുന്നു രാജയുടെ മറുപടി.

അതേസമയം, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മുന്നോട്ടുപോവുകയാണ് നടന്‍ വിജയ്. പാര്‍ട്ടി അംഗത്വ നടപടികള്‍ വേഗത്തിലാക്കാനായി ടിവികെ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 'മൈ ടിവികെ' എന്നാണ് ആപ്പിന്റെ പേര്. രണ്ടുകോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ടിവികെയുടെ ലക്ഷ്യം. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും അംഗങ്ങളായി ചേര്‍ക്കുന്നതിനും താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുമാണ് പാര്‍ട്ടി നിലവില്‍ പ്രാധാന്യം നല്‍കുന്നത്.

Content Highlights: He is not MGR, dmk leader about actor vijay's political entry and tvk

dot image
To advertise here,contact us
dot image