കന്യാസ്ത്രീകളെ കാണാൻ ഇടത് എംപിമാർക്ക് അനുമതി നിഷേധിച്ചു; വിമർശനം

'മറ്റ് പാര്‍ട്ടികള്‍ക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. കന്യാസ്ത്രീകളെ കാണുന്നതുവരെ ഇവിടെ തുടരും'

dot image

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാന്‍ ഇടത് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു. എ എ റഹീം, ജോസ് കെ മാണി, കെ രാധാകൃഷ്ണന്‍ അടക്കമുള്ള ഇടത് എംപിമാര്‍ക്കാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി എംപിമാര്‍ രംഗത്തെത്തി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശനം മുടക്കുകയാണെന്ന് എ എ റഹീം എംപി പറഞ്ഞു.

പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ അപേക്ഷ ഇമെയിലായി നല്‍കിയതിന്റെ സ്‌ക്രീന് ഷോട്ട് കാണിച്ചപ്പോള്‍ അവര്‍ നിലപാട് മാറ്റിയെന്നും എ എ റഹീം പറഞ്ഞു. സമയം കഴിഞ്ഞുവെന്നും ഇനി കാണാന്‍ കഴിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ജയില്‍ മാനുവല്‍ പ്രകാരം രണ്ട് മണിവരെയാണ് സമയമെന്നും അവര്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീകളില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നതില്‍ നിന്ന് തങ്ങളെ വിലക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. കന്യാസ്ത്രീകളുടെ അറസ്റ്റ് ആസൂത്രിതമാണ്. കന്യാസ്ത്രീകളെ കാണുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. കണ്ടശേഷം മാത്രമേ മടങ്ങൂ എന്നും എ എ റഹീ എംപി പറഞ്ഞു.

ജാമ്യം കിട്ടിയോ ഇല്ലയോ എന്നതിലല്ലെന്നും കേസില്‍ തന്നെ അജണ്ട നിശ്ചയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി എംപിയും പറഞ്ഞു. കേസ് ചിലരുടെ നിര്‍ബന്ധപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. ആദ്യം ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതിന് ശേഷം കുറച്ചുകൂടി കടുപ്പിക്കാന്‍ മറ്റൊരു എഫ്‌ഐആര്‍ കൂടി ഇട്ടു. മതപരമായ വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും അങ്ങനെ പുറത്തിറങ്ങുന്നവരെ വര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. ചത്തീസ്ഗഡില്‍ നടക്കുന്നത് അവകാശനിഷേധമാണെന്ന് കെ രാധാകൃഷ്ണന്‍ എംപിയും പറഞ്ഞു. സാമൂഹ്യ സേവനത്തിന് വന്നവരെയാണ് തടവിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പാര്‍ട്ടി നേതാക്കള്‍ക്ക് രണ്ട് നിയമം എന്ന നിലയിലാണ് കാര്യങ്ങളെന്ന് സിപിഐഎം നേതാവും മുന്‍ എംപിയുമായ ബൃന്ദാ കാരാട്ടും പറഞ്ഞു. നാളെ രാവിലെ വീണ്ടും വരും. കന്യാസ്ത്രീകളെ കാണുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജയെനും രംഗത്തെത്തി. ജയില്‍ അധികൃതരെ നേരിട്ട് നല്‍കിയ അപേക്ഷ കാണിച്ചുവെന്നും എന്നാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ആനി രാജ പറഞ്ഞു. എന്തെങ്കിലും മറയ്ക്കുന്നതിനാണോ സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന് സംശയിക്കുന്നു. തങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയാല്‍ എന്തെങ്കിലും പുറത്തുവരുമോ എന്ന് അവര്‍ ഭയക്കുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തമാശമായാണ്. വിശയം ഗൗരതരമാണെന്നും കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കുറ്റം ഗുരുതരമാണെന്നുമാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. മുഖ്യമന്ത്രി തന്നെ അങ്ങനെ പറഞ്ഞാല്‍ ഏത് ഉദ്യോഗസ്ഥന്‍ ശരിയായ അന്വേഷണം നടത്തും. കന്യാസ്ത്രീകളെ കണ്ട ശേഷം മാത്രമേ മടങ്ങൂ എന്നും ആനി രാജ പറഞ്ഞു.

നേരത്തേ യുഡിഎഫ് എംപിമാരും ബിജെപി നേതാവ് അനൂപ് ആന്റണിക്കും കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫ് എംപിമാര്‍ക്ക് ആദ്യം സന്ദര്‍ശനാനുമതി നിഷേധിച്ചെങ്കിലും പിന്നീട് ലഭിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി സന്ദര്‍ശന ശേഷം യുഡിഎഫ് എംപിമാര്‍ പറഞ്ഞിരുന്നു.

Content Highlights- left mps refused permission to visit nus who arrested in chattisgarh

dot image
To advertise here,contact us
dot image