മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും

കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്

dot image

ദുർഗ്: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും. ഛത്തീസ്ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കന്യാസ്ത്രീകൾ കോടതിയെ അറിയിക്കും. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ഇന്നും ചോദ്യം ചെയ്യും.

കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇതിനിടെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴിമാറ്റിയാൽ കന്യാസ്ത്രീകളുടെ മോചനം വൈകും.അതേസമയം, അറസ്റ്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ എം പിയും രാജ്യസഭയിൽ പി സന്തോഷ് കുമാർ എം പിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

എന്നാൽ വിഷയത്തിൽ മതപരിവർത്തനം ആരോപിച്ചത് ബജ്റംഗ്‌ദൾ പ്രവർത്തകരാണെന്ന് അറസ്റ്റിലായ കന്യാസ്‌ത്രീകളുടെ സഹപ്രവർത്തക റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അവർ മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കിയെന്നും ഇതോടെയാണ് ആർപിഎഫ് ഇടപെട്ട് കേസെടുത്തതെന്നും സഹപ്രവർത്തക വ്യക്തമാക്കി. യുവതികളെ മൊഴി മാറ്റിപ്പറയാൻ ബജ്റംഗ്‌ദൾ പ്രവർത്തകർ നിർബന്ധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

Content Highlights: Chhattisgarh nuns bail application to be submitted today

dot image
To advertise here,contact us
dot image