ക്യു നിൽക്കാതെ ഡോക്ടറെ കാണാൻ ശ്രമം; തടഞ്ഞ യുവതിയെ ചവിട്ടി താഴെയിട്ടു മർദ്ദിച്ച് അക്രമി, വീഡിയോ

യുവതിയെ പിടിച്ചുവലിക്കുകയും തറയിലേക്ക് തള്ളിയിട്ട് മര്‍ദിക്കുകയും ചെയ്തു

dot image

മുംബൈ: ക്യു കടന്ന് ഡോക്ടറെ കാണാന്‍ ശ്രമിച്ചയാളെ തടഞ്ഞ 25കാരിയായ റിസപ്ഷണിസ്റ്റിന് നേരിട്ടത് ക്രൂരമായ ആക്രമണം. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ഡോക്ടറെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ ക്യു കടന്ന് പോയ ഗോകുല്‍ ഝാ എന്നയാള്‍ യുവതിയെ ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി പ്രതി, യുവതിയെ പിടിച്ചുവലിക്കുകയും തറയിലേക്ക് തള്ളിയിട്ട് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ ഇയാളെ പിടിച്ചുമാറ്റിയ ശേഷമാണ് യുവതിയെ രക്ഷിച്ചത്. യുവതിയുടെ പരാതിയില്‍ ഝായ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒരു സ്ത്രീക്കും കുഞ്ഞിനുമൊപ്പം എത്തിയ ഇയാള്‍ മറ്റ് രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഡോക്ടറെ കാണാനായി ഇടിച്ചുകയറാന്‍ നോക്കിയത്. ഇത് തടഞ്ഞ യുവതിക്ക് നേരിട്ടത് ക്രൂരമായ ആക്രമണമാണ്.

മധ്യപ്രദേശിലും പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലുമടക്കം നിരവധിയിടങ്ങളില്‍ ആശുപത്രികളില്‍ സ്ത്രീകള്‍ ആക്രമണത്തിന് ഇരയാവുന്ന സംഭവങ്ങള്‍ തുടരുകയാണ്. മധ്യപ്രദേശില്‍ അജ്ഞാതന്‍ 23കാരിയായ നഴ്‌സ് സന്ധ്യ ചൗധരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു ഈ ആക്രമണം. മറ്റൊരു സംഭവത്തില്‍ പശ്ചിമബംഗാളിലെ ആര്‍ജിക്കര്‍ ആശുപത്രിയില്‍ ക്രൂരപീഡനത്തിന് ഇരയായ ട്രെയിനി ഡോക്ടര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ മദ്യപ സംഘം വനിതാ ഡോക്ടറെ ആക്രമിച്ചിരുന്നു.

Content highlight: Hospital receptionist brutally attacked by a man in Maharashtra

dot image
To advertise here,contact us
dot image