48 വര്‍ഷത്തെ സേവനം; 70ാം ജന്മദിനത്തില്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

ഭരണഘടന ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന വിമര്‍ശനവും ഒരു ഘട്ടത്തില്‍ ദുഷ്യന്ത് ദവെ ഉയര്‍ത്തിയിരുന്നു

dot image

ന്യൂഡല്‍ഹി: അഭിഭാഷക പ്രാക്ടീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. നല്ലതുചെയ്തുവെന്ന അഭിമാനത്തോടെയാണ് പ്രാക്ടീസ് അവസാനിപ്പിക്കുന്നതെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. 70ാം ജന്മദിനത്തിലാണ് 48 വര്‍ഷം നീണ്ട അഭിഭാഷക ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ദുഷ്യന്ത് ദവെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം.

'48 വര്‍ഷത്തെ മഹത്തായ സേവനത്തിന് ശേഷം 70ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ ഞാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ബാറിലെയും ബെഞ്ചിലെയും എല്ലാ സുഹൃത്തുക്കള്‍ക്കും വിട', ദവെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.

ഇനിയുള്ള ജീവിതകാലം സമൂഹത്തിന് വേണ്ടിയും വായനയ്ക്കും യാത്രയ്ക്കുമായി മാറ്റിവെയ്ക്കാനുമാണ് ദുഷ്യന്ത് ദവെയുടെ തീരുമാനം. വിശ്രമ ജീവിതം കുടുംബവുമായി ചെലവഴിക്കുമെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി. കുടുംബത്തിനൊപ്പമുള്ള വിശ്രമ ജീവിതം കൂടുതല്‍ ആനന്ദകരമായിരിക്കുമെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി.

ആധുനിക ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ നീതിന്യായ വ്യവസ്ഥയാണ് ഇപ്പോഴുള്ളതെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിക്കെതിരെ ദുഷ്യന്ത് ദവെ ഉയര്‍ത്തിയ വിമര്‍ശനം. രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ ചീഫ് ജസ്റ്റിസെന്നായിരുന്നു ഡി വൈ ചന്ദ്രചൂഡിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. ഭരണഘടന ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന വിമര്‍ശനവും ഒരു ഘട്ടത്തില്‍ ദുഷ്യന്ത് ദവെ ഉയര്‍ത്തിയിരുന്നു.

അദാനി ഗ്രൂപ്പ് ഉള്‍പ്പെട്ട കേസുകള്‍ പ്രത്യേക ബെഞ്ചില്‍ ലിസ്റ്റ് ചെയ്തതിലും ദുഷ്യന്ത് ദവെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ദവെ സുപ്രീം കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. രാജ്യം തന്നെ ചര്‍ച്ച ചെയ്ത ഷെഫിന്‍ ജഹാന്‍ ലവ് ജിഹാദ് കേസിലും സംസ്ഥാന ഡിജിപി പദവിത്തര്‍ക്കത്തില്‍ ടി പി സെന്‍കുമാറിന് വേണ്ടിയും ദവെ ഹാജരായി. ഡിജിപി പദവിയൊഴിഞ്ഞശേഷം ബിജെപിയില്‍ ചേര്‍ന്ന ടി പി സെന്‍കുമാറിനെതിരെ ദുഷ്യന്ത് ദവെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
Content Highlights: Senior Advocate Dushyant Dave decided to quit legal profession

dot image
To advertise here,contact us
dot image