ലോ‍ഡ്സ് ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്; എട്ട് വിക്കറ്റുകൾ നഷ്ടമായി

നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിനായി വേണ്ടത് 81 റൺസാണ്. സ്കോർ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112.

നേരത്തെ അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ട് പേസ് നിരയിൽ ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബെൻ സ്റ്റോക്സും ബ്രൈഡൻ കാർസും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387 റൺസെടുത്തിരുന്നു. 104 റൺസെടുത്ത ജോ റൂട്ടിന്റെയും 51 റൺസെടുത്ത ജാമി സ്മിത്തിന്റെയും പ്രകടനമാണ് ഇം​ഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയുടെ പ്രകടനമാണ് ഇന്ത്യൻ ബൗളിങ്ങിൽ നിർണായകമായത്.

ആദ്യ ഇന്നിങ്സ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കും 387 റൺസാണ് നേടാനായത്. കെ എൽ രാഹുൽ 100 റൺസെടുത്ത് ഇന്ത്യൻ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു. റിഷഭ് പന്ത് 74 റൺസും രവീന്ദ്ര ജഡേജ 72 റൺസും സംഭാവന ചെയ്തു. ഇം​ഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ജൊഫ്ര ആർച്ചറും ബെൻ സ്റ്റോക്സും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 192 റൺസ് നേടി. 40 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറർ. ബെൻ സ്റ്റോക്സ് 33 റൺസും നേടി. ഇന്ത്യൻ ബൗളിങ് നിരയിൽ നാല് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദർ ആണ് തിളങ്ങിയത്.

Content Highlights: England on the verge of winning at Lords

dot image
To advertise here,contact us
dot image