പശുക്കടത്തിന്റെ പേരിൽ യുവാക്കളെ കൊന്ന കേസിലെ പ്രതി ബജ്‌റംഗ്ദള്‍ നേതാവിനെതിരെ വീഡിയോ ഇറക്കി ജീവനൊടുക്കി

ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ അടക്കമുള്ളവർക്കെതിരെ ലോകേഷ് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

dot image

ചണ്ഡിഗഡ്: പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാന്‍ സ്വദേശികളായ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. ഹരിയാനയിലെ ബിച്ചോര്‍ ഗ്രാമവാസിയായ ലോകേഷ് സിന്‍ഗ്ലയാണ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ബജ്‌റംഗ്ദള്‍ നേതാവും മറ്റ് രണ്ട് പേരുമാണ് ലോകേഷിന്റെ മരണത്തിന് കാരണമെന്നാണ് കുടുബം ആരോപിക്കുന്നത്.

2023ലായിരുന്നു പശുക്കടത്തിന്റെ പേരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ലോകേഷ് സിന്‍ഗ്ല അടക്കം 21 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലോകേഷ് ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭരത് ഭൂഷന്‍, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും മനസ് മടുത്ത് ജീവനൊടുക്കുകയാണെന്നും ലോകേഷ് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ മൂന്ന് പേരുടേയും ഭീഷണിയില്‍ തകര്‍ന്നുവെന്നും ഇവര്‍ ദിവസവും ഗുണ്ടകളെ വിടുകയാണെന്നും ലോകേഷ് വീഡിയോയില്‍ പറയുന്നു. അവര്‍ തന്നെ പിന്തുടരുകയാണ്. തന്നെ കേസില്‍ കുടുക്കുമെന്ന് പറയുന്നു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ലോകേഷ് പറയുന്നു. ഭരത് ഭൂഷന്‍ അടക്കമുള്ളവരുടെ പേരും ലോകേഷ് വീഡിയോയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോകേഷ് ആവശ്യപ്പെട്ടുന്നു. ലോകേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫരീദാബാദ് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ബജ്‌റംഗ്ദള്‍ നേതാവ് അടക്കമുള്ളവര്‍ക്കെതിരെ ലോകേഷിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.

2023 ഫെബ്രുവരി പതിനാറിനാണ് രാജസ്ഥാന്‍ ഭരത്പുര്‍ സ്വദേശികളായ നാസിറും ജുനൈദും കൊല്ലപ്പെടുന്നത്. ഇരുവരേയും തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബജ്‌റംഗ്ദള്‍ നേതാവ് മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് മോനു മനേസറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാസിറിന്റെയും ജുനൈദിന്റെയും അതിരാദുണ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഇതിന് പിന്നാലെ മോനു മനേസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Nasir-Junaid murder case accused killed himself in Faridabad

dot image
To advertise here,contact us
dot image