
ന്യൂ ഡൽഹി: ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചിട്ടും ഔദ്യോഗിക വസതിയിൽ താമസം തുടരുന്ന ഡി വൈ ചന്ദ്രചൂഡിനെ ഉടൻ അവിടെനിന്ന് മാറ്റണമെന്ന് സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്രസർക്കാരിന് കത്ത് നൽകി. ചന്ദ്രചൂഡിനെ ഉടൻ മാറ്റി ആ വീട് കോടതിയുടെ ഹൗസിങ് പൂളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.
സുപ്രീംകോടതിയിൽ നിലവിലുളള ജഡ്ജിമാർക്ക് മതിയായ താമസസൗകര്യം ഇല്ലാത്തതിനാലാണ് നടപടി. ചീഫ് ജസ്റ്റിസ് അടക്കം നിലവിലുള്ള 33 ജഡ്ജിമാരിൽ നാല് പേർക്ക് നിലവിൽ താമസസൗകര്യമില്ല. ഇവരിൽ ഒരാൾ നിലവിൽ സർക്കാർ ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കോടതിയുടെ ട്രാൻസിറ്റ് അപ്പാർട്മെന്റുകളിലുമാണ് താമസം. ഇതോടെയാണ് കൃഷ്ണ മേനോൻ മാർഗ് ബംഗ്ലാവിൽ നിന്ന് ചന്ദ്രചൂഢിനെ മാറ്റണം എന്ന ആവശ്യം ഉയർന്നത്.
ഡി വൈ ചന്ദ്രചൂഡ് 2024 നവംബർ പത്തിനാണ് വിരമിച്ചത്. വിരമിച്ച ശേഷവും ചീഫ് ജസ്റ്റിസുമാർക്ക് ആറ് മാസക്കാലം ഔദ്യോഗിക വസതിയിയിൽ താമസിക്കാം എന്ന് നിയമമുണ്ട്. എന്നാൽ ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ ഇപ്പോൾ എട്ട് മാസത്തോളം താമസിച്ചുവരികയാണ്. തനിക്ക് ശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് ഖന്ന എന്നിവർ നിലവിലുള്ള വസതിയിൽ തന്നെ തുടരാൻ തീരുമാനിച്ചത് മൂലമാണ് ചന്ദ്രചൂഡിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വരാതിരുന്നത്.
ജൂലൈ ഒന്നിനാണ് സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. എന്നാൽ ഭിന്നശേഷിക്കാരിയായ മകൾക്ക് കൂടി അനുയോജ്യമായ രീതിയിലുള്ള ഒരു വീട് വേണമെന്നും അത് ശരിയാകാത്തതിനാലാണ് ഇവിടെ തുടരുന്നത് എന്നുമാണ് ചന്ദ്രചൂഡ് 'എൻഡിടിവി'യോട് പ്രതികരിച്ചത്. മാസങ്ങളായി താൻ ഒരു വീട് നോക്കി നടക്കുകയാണ്. പക്ഷെ ശരിയാകുന്നില്ല. അല്ലാതെ തനിക്ക് ഒരിക്കലും സർക്കാർ സൗകര്യത്തിൽ താമസിക്കേണ്ടതില്ല എന്നും ചന്ദ്രചൂഡ് പറഞ്ഞു. സർക്കാർ തനിക്ക് ഒരു വാടകവീട് ഒരുക്കിത്തന്നിട്ടുണ്ട്. രണ്ട് വർഷമായി ആൾ താമസമില്ലാത്തതിനാൽ അവിടം അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
Content Highlights: SC writes to centre on taking chandrachuds official residence to SC Pool