'അവളാണ് രാജയെ കൊന്നത്': സഹോദരിയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് രാജയുടെ അമ്മയോട് സോനത്തിൻ്റെ സഹോദരന്‍

'എനിക്ക് രാജയെ ഒരുപാടിഷ്ടമായിരുന്നു. എന്റെ കുടുംബം സോനവുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചുകഴിഞ്ഞു. സോനം കുറ്റക്കാരിയെങ്കില്‍ അവളെ തൂക്കിലേറ്റണം'- ഗോവിന്ദ് പറഞ്ഞു

dot image

ഭോപ്പാല്‍: മേഘാലയയിലെ രാജ രഘുവന്‍ഷിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സോനം രഘുവന്‍ഷിയുടെ സഹോദരന്‍ ഗോവിന്ദ്. സോനമാണ് രാജയെ കൊലപ്പെടുത്തിയതെന്ന് തനിക്ക് നൂറുശതമാനം ഉറപ്പാണെന്നും സഹോദരിയുമായുളള എല്ലാ ബന്ധവും കുടുംബം ഉപേക്ഷിച്ചെന്നും ഗോവിന്ദ് പറഞ്ഞു. സോനം കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ അവളെ തൂക്കിലേറ്റണമെന്നും ഗോവിന്ദ് ആവശ്യപ്പെട്ടു. രാജ രഘുവന്‍ഷിയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഹോദരന്‍ ഇക്കാര്യം പറഞ്ഞത്. ഗോവിന്ദ് ഇന്‍ഡോറിലെ വസതിയിലെത്തിയാണ് രാജയുടെ അമ്മയുമായി സംസാരിച്ചത്. ഇരുവരും കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'കൊലപാതകത്തിനു പിന്നില്‍ സോനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത് ഈ കൊലപാതകം ചെയ്തത് സോനം തന്നെയാണ് എന്നാണ്. എനിക്ക് നൂറുശതമാനം ഉറപ്പാണ്. പുറത്തുവന്ന മറ്റ് പേരുകളെല്ലാം രാജ് കുശ്വാഹയുമായി ബന്ധപ്പെട്ടവയാണ്. രാജയുടെ കുടുംബത്തോട് ഞാന്‍ ക്ഷമാപണം നടത്തി. എന്റെ സഹോദരിയെ ഞാന്‍ ഈ കുടുംബത്തെ ഏല്‍പ്പിച്ചതാണ്. അപ്പോള്‍ ഞാനും ഈ കുടുംബത്തിന്റെ ഭാഗമാണ്. എനിക്ക് രാജയെ ഒരുപാടിഷ്ടമായിരുന്നു. എന്റെ കുടുംബം സോനവുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചുകഴിഞ്ഞു. സോനം കുറ്റക്കാരിയെങ്കില്‍ അവളെ തൂക്കിലേറ്റണം'- ഗോവിന്ദ് പറഞ്ഞു.

രാജ് കുശ്വാഹ സോനത്തെ ചേച്ചീ എന്നാണ് എപ്പോഴും വിളിച്ചിരുന്നതെന്നും മൂന്നുവര്‍ഷം തന്റെ മുന്നില്‍വെച്ചാണ് സോനത്തിന്റെ കയ്യില്‍ രാഖി കെട്ടിയിരുന്നതെന്നും ഗോവിന്ദ് പറഞ്ഞു. രാജയുമായുളള വിവാഹനിശ്ചയം കഴിഞ്ഞപ്പോഴും സോനം വളരെ സന്തോഷവതിയായിരുന്നെന്നും വിവാഹത്തിന് രണ്ട് മാസം മുന്‍പേ തന്നെ ഷോപ്പിംഗ് ആരംഭിച്ചിരുന്നെന്നും ഗോവിന്ദ് വ്യക്തമാക്കി. സോനത്തിന്റെ അമ്മയ്ക്ക് രാജുമായുളള ബന്ധം നേരത്തെ അറിയാമായിരുന്നു എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

മകന്റെ മരണത്തില്‍ ഗോവിന്ദ് ദുഖിതനാണെന്നും സഹോദരിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് തന്നോട് പറഞ്ഞതെന്നും രാജ രഘുവന്‍ഷിയുടെ അമ്മ ഉമ രഘുവന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. സോനത്തിനുവേണ്ടിയല്ല തന്റെ മകനെക്കുറിച്ച് ഓര്‍ത്താണ് ദുഃഖമെന്ന് ഗോവിന്ദ് പറഞ്ഞെന്നും അവന്‍ ഇതില്‍ തെറ്റുകാരനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: We boycotted sonam, if found guilty she should be hanged says sonam raghuwanshi brother govind

dot image
To advertise here,contact us
dot image